മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര ഇക്കഴിഞ്ഞ ദിവസം തന്റെ ‘എക്‌സ്’ അക്കൗണ്ടിൽ പങ്കുവെച്ചൊരു വീഡിയോ വളരെ പെട്ടെന്നാണ് ആളുകളുടെ ശ്രദ്ധയാകർഷിച്ചത്. മണിപ്പൂരിലെ ലോക്തക് എന്ന മനോഹരമായ തടാകത്തെക്കുറിച്ചുള്ള വീഡിയോയാണത്. ‘തികച്ചും അയഥാർഥം’ എന്നാണ് അദ്ദേഹം അതിനൊപ്പം കുറിച്ചത്. ആ തടാകത്തിന്റെ രൂപഭാവങ്ങളാണ് അദ്ദേഹത്തെ അദ്ഭുതപ്പെടുത്തിയത്. ”യഥാർഥത്തിൽ അയഥാർഥമായത് ഇന്ത്യയിലെ താമതമ്യേന അജ്ഞാതവും മാന്ത്രികവുമായ സ്ഥലങ്ങളുടെ എണ്ണമാണ്”.

To advertise here,

ഈ പോസ്റ്റ് പങ്കുവെച്ചതോടെ ആളുകൾ അതിനു താഴെ കമന്റുകളുമായെത്തി. ‘ഇതൊരു പെയിന്റിങ് പോലെ മനോഹരം, ഇന്ത്യ എത്ര അദ്ഭുതമാണ്, ഒളിഞ്ഞിരിക്കുന്ന രത്‌നങ്ങൾ നിറഞ്ഞ ഇന്ത്യ….’ കമന്റുകൾ നീളുന്നു.

വടക്കുകിഴക്കൻ ഇന്ത്യയിലെ മനോഹരമായ ശുദ്ധജലതടാകമാണ് ലോക്തക്. തലസ്ഥാനമായ ഇംഫാലിൽനിന്ന് 40 കിലോമീറ്റർ ദൂരമേയുള്ളൂ ലോക്തക്കിലേക്ക്. ഫുംഡിസ് എന്നറിയപ്പെടുന്ന പൊങ്ങിക്കിടക്കുന്ന, ഒഴുകുന്ന ദ്വീപുകൾക്ക് പേരുകേട്ടതാണിവിടം.

ഇവിടെത്തുന്ന സഞ്ചാരികൾക്ക് മനോഹരമായൊരു ദൃശ്യവിരുന്നാണ് ഈ തടാകവും പരിസരപ്രദേശങ്ങളും നൽകുന്നത്. വൈദ്യുതി ഉത്പാദനം, ജലസേചനം, കുടിവെള്ള വിതരണം എന്നിവയ്ക്കുള്ള സ്രോതസ്സായും തടാകം പ്രവർത്തിക്കുന്നു. ചുറ്റുമുള്ള പ്രദേശങ്ങളിലും ഫുംഡികളിലും താമസിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് ഈ തടാകം ഒരു ഉപജീവനമാർഗ്ഗം കൂടിയാണ്. ഇതിൽ മത്സ്യബന്ധനം നടത്തിയാണ് ആളുകൾ ജീവിക്കുന്നത്. പ്രദേശത്ത് വെള്ളപ്പൊക്കമുണ്ടാകാതെ പ്രതിരോധിക്കുന്നതും ഈ തടാകമാണ്.

ലോക്തക്കിന് മറ്റൊരു പ്രധാന സവിശേഷതയുമുണ്ട്. തടാകം എപ്പോഴും മാറ്റങ്ങൾക്ക് വിധേയമാവുമെന്നതാണത്. ഒരു സീസണിൽനിന്ന് മറ്റൊരു സീസണിലേക്ക് എത്തുമ്പോഴേക്കും തടാകത്തിന് മാറ്റങ്ങളുണ്ടാവും. അതിനു കാരണമാകുന്നത് ഫുംഡികളാണ്. ഓരോ കാലാവസ്ഥയിലും ഓരോ കാലത്തും ഫുംഡികളുടെ ആകൃതി മാറുകയും ഒഴുകിപ്പോവുകയും ചെയ്യും.

സസ്യങ്ങൾ, മണ്ണ്, മറ്റ് ജൈവവസ്തുക്കൾ എന്നിവ അഴുകിയും മറ്റുമാണ് ഫുംഡികൾ ഉണ്ടാവുന്നത്. സ്വാഭാവികമായി വലുതാവുകയാണ് ചെയ്യുന്നത്. ചിലതിന് തീരെ ഭാരം കുറവായിരിക്കും, പെട്ടെന്ന് നശിച്ചുപോയേക്കാം. എന്നാൽ ചിലത് കാലക്രമേണ കട്ടിയുള്ളതായി മാറും. എല്ലാ വർഷവും ഒക്ടോബർ 15 ഇവിടെ ലോക്തക് ദിവസമായി ആചരിക്കുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi