Your cart is currently empty!
മണ്ണിൽ അടക്കിയാൽ വെള്ളം കയറി മൃതശരീരം ചീഞ്ഞുപോകുമെന്ന ഭയം; പാറക്കെട്ടുകളിൽ തൂക്കിയിട്ട ശവപ്പെട്ടികൾ

മരണം ഏതൊരു ജീവിയുടെയും ജീവിതത്തിലെ അനിവാര്യമായ സത്യമാണ്. എന്നാൽ ഒരാളുടെ മരണാനന്തര ചടങ്ങുകൾ എങ്ങനെ നടത്തണം എന്നത് അവരുടെ കുടുംബത്തെയും സംസ്കാരത്തെയും ആശ്രയിച്ചിരിക്കും. ചിലർ മൃതദേഹം ദഹിപ്പിക്കുമ്പോൾ മറ്റു ചിലർ മണ്ണിൽ അടക്കം ചെയ്യുന്നു. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ ചില ആചാരങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലനിൽക്കുന്നുണ്ട്.
ഇന്തോനേഷ്യയിലെ തൊരാജ ഗോത്രം, മരിച്ച കുഞ്ഞുങ്ങളെ ജീവനുള്ള മരങ്ങൾക്കുള്ളിൽ അടക്കം ചെയ്യുന്ന രീതി ഉണ്ടായിരുന്നു. കൂടാതെ, ശവസംസ്കാരത്തിന് പണം തികയുന്നത് വരെ മരിച്ചവരുടെ മൃതദേഹം ഇവർ സംരക്ഷിച്ചു വെക്കുകയും ചെയ്തിരുന്നു. മഡഗാസ്കർ, മലഗാസി ജനത ഓരോ 5-7 വർഷം കൂടുമ്പോഴും മരിച്ചവരുടെ മൃതദേഹം കുഴിമാടത്തിൽ നിന്ന് പുറത്തെടുത്ത് നൃത്തം ചെയ്യുന്ന വിചിത്രമായ ആചാരമുള്ളവരാണ്. അതുപോലെ ഫിലിപ്പീൻസിലെ സഗഡ ഗ്രാമത്തിൽ, ഇവിടുത്തെ മലനിരകളിലെ പാറക്കെട്ടുകളിൽ ശവപ്പെട്ടികൾ തൂക്കിയിടുന്ന പുരാതനമായ ഒരു രീതി നിലനിൽക്കുന്നു.
ഫിലിപ്പീൻസിലെ ലുസോൺ ദ്വീപിലുള്ള സഗഡ എന്ന ഗ്രാമത്തിലാണ് ‘തൂങ്ങിക്കിടക്കുന്ന ശവപ്പെട്ടികൾ’ കാണപ്പെടുന്നത്. ഏകദേശം 2,000 വർഷം പഴക്കമുള്ള ഈ ആചാരം പിൻതുടരുന്നത് ‘ഇഗോറോട്ട്’ ഗോത്രവർഗ്ഗക്കാരാണ്. മനിലയിൽ നിന്ന് 8 മണിക്കൂർ യാത്ര ചെയ്താൽ ഈ മലയോര ഗ്രാമത്തിൽ എത്താം.
ആചാരത്തിന് പിന്നിലെ വിശ്വാസം
മൃതദേഹം അടക്കം ചെയ്ത ശവപ്പെട്ടി എത്ര ഉയരത്തിൽ തൂക്കിയിടുന്നുവോ അത്രയും വേഗത്തിൽ മരിച്ചയാളുടെ ആത്മാവിന് തങ്ങളുടെ പൂർവ്വികരുടെ ആത്മാക്കളുമായി ഒത്തുചേരാം എന്ന് ഇവർ വിശ്വസിക്കുന്നു. കൂടാതെ, മണ്ണിൽ അടക്കം ചെയ്താൽ വെള്ളം കയറി ശരീരം ചീഞ്ഞുപോകുമെന്നും മൃഗങ്ങൾ മൃതദേഹം നശിപ്പിക്കുമെന്നുമുള്ള ഭയവും ഈ രീതി തുടങ്ങാൻ കാരണമായി.
ശവസംസ്കാര രീതി
ബി.ബി.സി റിപ്പോർട്ട് അനുസരിച്ച്, വളരെ വ്യത്യസ്തമായ രീതിയിലാണ് ഇവർ മൃതദേഹം ശവപ്പെട്ടിയിലാക്കുന്നത്. ഒരാൾ മരിച്ചാൽ മൃതദേഹം ഒരു മരക്കസേരയിൽ ഇരുത്തി വീടിന്റെ പ്രധാന വാതിലിന് അഭിമുഖമായി വെക്കുന്നു. ഇതിനെയാണ് ‘മരണക്കസേര’ എന്ന് വിളിക്കുന്നത്. ദുർഗന്ധം ഒഴിവാക്കാനായി അടുത്തുതന്നെ മെഴുകുതിരികൾ കത്തിച്ചുവെക്കും. ഒരു മനുഷ്യൻ ഈ ലോകത്തേക്ക് വന്നത് എങ്ങനെയാണോ അതുപോലെ തന്നെ മടങ്ങണം എന്നാണ് ഇവരുടെ വിശ്വാസം. അതിനാൽ മൃതദേഹത്തിന്റെ അസ്ഥികൾ ഒടിച്ച് മുട്ടുമടക്കി ഗർഭസ്ഥ ശിശുവിനെപ്പോലെയാക്കിയാണ് ശവപ്പെട്ടിയിൽ വെക്കുന്നത്. ഇതിനായി പണ്ട് ചെറിയ ശവപ്പെട്ടികളാണ് ഉപയോഗിച്ചിരുന്നത്.
ശവപ്പെട്ടിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്രയ്ക്കിടെ ശവപ്പെട്ടിയിൽ സ്പർശിക്കുന്നത് തങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമെന്ന് ഇവർ വിശ്വസിക്കുന്നു. ഘോഷയാത്ര മലമുകളിൽ എത്തുമ്പോൾ യുവാക്കൾ ഉയരത്തിൽ കയറി പാറക്കെട്ടുകളിൽ ആണി അടിച്ചും മറ്റും ശവപ്പെട്ടികൾ ഉറപ്പിക്കുന്നു. പലപ്പോഴും ഈ ശവപ്പെട്ടികൾക്കൊപ്പം അവർ ഉപയോഗിച്ചിരുന്ന മരണക്കസേരയും തൂക്കിയിടാറുണ്ട്.
ഇന്ന് ഈ ആചാരം പതുക്കെ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. സഗഡയിലെ മുതിർന്നവർ മാത്രമാണ് ഈ രീതി ഇപ്പോൾ പിന്തുടരുന്നത്. പുതിയ തലമുറ ക്രിസ്ത്യൻ വിശ്വാസങ്ങളുടെ സ്വാധീനത്താൽ മൃതദേഹങ്ങൾ സെമിത്തേരികളിൽ അടക്കം ചെയ്യാനാണ് താല്പര്യപ്പെടുന്നത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Discover the fascinating hanging coffins of Sagada, Philippines, and the ancient Igorot burial rituals. Learn about their unique beliefs and traditions.
Published: 22 Jan 2026, 05:30 pm IST
Related Topics
Read articles on app
Subscribe to our Newsletter
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Leave a Reply
You must be logged in to post a comment.