Your cart is currently empty!
ആറ് പതിറ്റാണ്ടുകൾകൊണ്ട് പണികഴിപ്പിച്ച അർത്തുങ്കൽ സെയിന്റ് ആൻഡ്രൂസ് ബസിലിക്ക

വെളുത്തച്ചന്റെ ഓർമ്മയും വിശുദ്ധ സെബസ്ത്യാനോസിന്റെ കരുണയും സ്പന്ദിക്കുന്ന അർത്തുങ്കൽ പള്ളി വിശ്വാസത്തിന്റെ വിളക്കുമാടമാണ്. കേരളത്തിലെ മതമൈത്രിയുടെ ഉജ്ജ്വലപ്രതീകം കൂടിയാണ് നാലുനൂറ്റാണ്ടിന്റെ പകിട്ടുള്ള അർത്തുങ്കൽ സെയിന്റ് ആൻഡ്രൂസ് ബസിലിക്ക
അർത്തുങ്കലിലെ വെളുത്തച്ചനെ കാണാൻ അതിരാവിലെ ചേർത്തലയിലേക്ക് പുറപ്പെട്ടു. തിരക്കൊഴിവാക്കാനും പ്രകൃതിസൗന്ദര്യം നുകരാനുമായി തീരദേശ പാതയാണ് തിരഞ്ഞെടുത്തത്. കുമ്പളങ്ങിയിലെ കണ്ടൽകൂട്ടങ്ങളിൽനിന്ന് കിളികൾ മധുരസ്വരത്തിൽ പ്രഭാതരാഗങ്ങൾ പാടി. അന്ധകാരനഴി കടപ്പുറം ഉണരുന്നതേ ഉണ്ടായിരുന്നുള്ളൂ. കണ്ണുചിമ്മുന്ന വെയിലിൽ കണ്ടു, വെളുത്ത തരിമണലിൽ എഴുന്നുനിൽക്കുന്ന, കരിങ്കല്ലിൽ കെട്ടിയുയർത്തിയ അർത്തുങ്കൽ സെയിന്റ് ആൻഡ്രൂസ് ബസിലിക്ക. നൂറ്റാണ്ടുകളായി ചേർത്തലയുടെ തീരത്ത് വിശ്വാസത്തിന്റെ വിളക്കുമാടമായി ഈ ദേവാലയമുണ്ട്. വിശുദ്ധ ആൻഡ്രൂസിന്റെ പേരിലാണ് ദേവാലയമെങ്കിലും വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളാണ് അർത്തുങ്കൽ പള്ളിയെ പ്രശസ്തമാക്കുന്നത്.
നീണ്ട ആറ് പതിറ്റാണ്ടുകൾകൊണ്ട് പണികഴിപ്പിച്ച ദേവാലയമാണ് കൺമുന്നിൽ.1900-ൽ തറക്കല്ലിട്ട്, 1967-ലാണ് ദേവാലയത്തിന്റെ പണി പൂർത്തിയായത്. വെളുത്ത മണലിനും വെളുത്ത ആകാശത്തിനും നടുവിൽ വെളുത്ത വമ്പൻ ജനാലകൾ പതിപ്പിച്ച കരിങ്കൽ ദേവാലയം കാണേണ്ട കാഴ്ചയാണ്. ഗോഥിക് ശൈലിയിലാണ് ദേവാലയം പണിതിരിക്കുന്നത്. പള്ളിയുടെ മിനാരങ്ങളുടെ ഉയരം മേഘങ്ങളോളം വരുമെന്ന് തോന്നിപ്പോകും. മണലിൽ നിഴൽ പതിപ്പിച്ചുകൊണ്ട് മുന്നിൽ ചെമ്പിൽ തീർത്ത കൊടിമരം.
പള്ളിയുടെ അൾത്താര ശില്പങ്ങളാൽ സമ്പന്നം. ഏറ്റവും മുകളിൽ ക്രൂശിത ക്രിസ്തു. തൊട്ടുതാഴേയായി വിശ്വാസികളെ ആശീർവദിക്കുന്ന ദൈവപുത്രൻ. ഏതാനും മാലാഖമാരുടെ ശില്പങ്ങൾകൂടി ഉണ്ടെന്നതൊഴിച്ചാൽ ലാളിത്യമാണ് ഈ അൾത്താരയുടെ മുഖമുദ്ര. വലതുഭാഗത്താണ് വിശുദ്ധ സെബാസ്ത്യാനോസിന്റെ തിരുസ്വരൂപം. 1645-ൽ? ഇറ്റലിയിൽനിന്ന് കപ്പൽമാർഗം ഇവിടെയെത്തിച്ചതാണ് ഈ രൂപം. മിലാനിലും റോമിലും പകർച്ചവ്യാധി പടർന്നുപിടിച്ചപ്പോൾ വിശുദ്ധ സെബാസ്ത്യാനോസിന്റെ തിരുസ്വരൂപം നഗരപ്രദക്ഷിണത്തിനെടുത്തെന്നും അതോടെ ആളുകൾക്ക് രോഗസൗഖ്യം ലഭിച്ചെന്നുമാണ് വിശ്വാസം. നന്ദിസൂചകമായി തിരുസ്വരൂപം ലോകമെമ്പാടും കപ്പലിൽ കൊണ്ടുപോകാനുള്ള തീരുമാനമുണ്ടായത്രേ. അറബിക്കടലിലൂടെ പോകുന്നതിനിടെ അർത്തുങ്കൽ തീരമടുത്തപ്പോൾ കപ്പൽ കൊടുങ്കാറ്റിൽ പെട്ടു. നാവികർ ഹൃദയമുരുകി പ്രാർഥിച്ചപ്പോഴാണ് വരാനിരുന്ന ദുരന്തം വഴിമാറിപ്പോയത്. കൃതജ്ഞതയോടെ അവർ കപ്പലിലുണ്ടായിരുന്ന തിരുസ്വരൂപത്തെ തീരത്തെത്തിച്ചു. അർത്തുങ്കലിലെ വികാരിയും വിശ്വാസസമൂഹവും സ്വരൂപത്തെ പള്ളിയിലേക്ക് സ്വീകരിച്ചു എന്നുമാണ് ഐതിഹ്യം. കാലമിത്ര കഴിഞ്ഞിട്ടും ഒരു മങ്ങലുമില്ലാതെ സ്വരൂപം തിളങ്ങുന്നു.
ഏഴാം നൂറ്റാണ്ടോടെതന്നെ അർത്തുങ്കലിൽ ക്രൈസ്തവ വിശ്വാസികളുണ്ടായിരുന്നു എന്ന് കരുതപ്പെടുന്നു. പോർച്ചുഗീസുകാരുടെ വരവോടെ മിഷനറികൾ ഇവിടെ കാര്യക്ഷമമായ പ്രവർത്തനമാരംഭിച്ചു. പക്ഷേ, ആദ്യകാലങ്ങളിൽ ദേവാലയം നിർമിക്കാൻ നിരോധനമുണ്ടായിരുന്നു. കൊച്ചി രാജാവ് വീര കേരള വർമയാണ് അർത്തുങ്കലിലെ ആദ്യ പാതിരി ഗാസ്പർ പയസ്സിന് തടികൊണ്ടുള്ള ദേവാലയം നിർമിക്കാൻ അനുവാദം കൊടുത്തത്. 1581-ൽ അർത്തുങ്കലിൽ ദേവാലയത്തിന്റെ നിർമാണം തുടങ്ങി.1602 ആയപ്പോഴേക്കും ദേവാലയം കല്ലിൽ നിർമിക്കാൻ കൊച്ചി രാജാവ് സമ്മതം കൊടുത്തു. അങ്ങനെ പണിതുയർത്തപ്പെട്ട പഴയ പള്ളിയിലേക്കാണ് പിന്നീട് പോയത്.
പുതിയ പള്ളിയുടെ തൊട്ട് പിന്നിലാണ് പഴയ പള്ളി. തടിയിൽപ്പണിത, പിന്നീട് കല്ലിലേക്ക് മാറ്റിയ ഈ പള്ളിക്ക് ആദ്യം നിലവിലുള്ള പള്ളിയുടെ പകുതി വലുപ്പമേ ഉണ്ടായിരുന്നുള്ളൂ. പതിയെപ്പതിയെയാണ് ഇന്ന് കാണുന്ന രൂപത്തിലേക്ക് പള്ളിയെത്തുന്നത്. 1800 കളുടെ അവസാനത്തോടെ പള്ളിക്കൊപ്പം ഒരു മണിമാളികകൂടി പണികഴിപ്പിക്കപ്പെട്ടു. മരത്തിൽപ്പണിത കൂറ്റൻ വാതിലുകളാണ് പള്ളിയുടെത്. ഇടതുഭാഗത്ത് വാതിലിനോടടുത്തായി ചുമരിനുള്ളിലാണ് മാമോദീസയ്ക്കുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. കേരളത്തിലെ പൗരാണിക വാസ്തുവിദഗ്ധരുടെ മനക്കണക്കും ഉളി വഴക്കവും ഇവിടം കണ്ടാലറിയാം. പള്ളിയുടെ നടുവിൽ ഇടതു ചുമരിൽത്തന്നെ ഒരു ഉയർന്ന പ്രസംഗപീഠം കാണാം. മൈക്ക് ഇല്ലാതിരുന്ന കാലത്ത് വിശ്വാസികളെ അഭിസംബോധന ചെയ്യാൻ അച്ചന്മാർ ഇവിടെയാണ് നിന്നിരുന്നത്. പൂർണമായും തടിയിൽ ത്തീർത്ത മനോഹരമായ അൾത്താര.
ഇറ്റലിയിലെ കപ്പുവായിൽ നിന്നും മിഷനറി പ്രവർത്തനത്തിനെത്തിയ ഫാ. ജക്കാമോ ഫിനിഷ്യോ അർത്തുങ്കൽ പള്ളിയുടെ വളർച്ചയിൽ നിർണായക പങ്കു വഹിച്ചിട്ടുണ്ട്. സുദീർഘമായ 49 വർഷങ്ങളാണ് അദ്ദേഹം കേരളത്തിൽ ചെലവഴിച്ചത്. അതിൽ 33 വർഷവും അർത്തുങ്കലിലായിരുന്നു. അദ്ദേഹത്തിന്റെ ഭൗതികശരീരം അർത്തുങ്കൽ പഴയ പള്ളിയുടെ അൾത്താരയിലാണ് അടക്കിയിരിക്കുന്നത്. നിർമലമായ ഈ ക്രിസ്തുദാസനെ നാട്ടുകാർ ആദരവോടെ വിളിച്ചിരുന്ന പേരാണ് വെളുത്തച്ചൻ. പിന്നീടിത് ദേവാലയത്തിന്റെ പേരിനൊപ്പം അഭേദ്യമായി കൂട്ടിയിണക്കപ്പെടുകയായിരുന്നു.
വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചൻ വൈദികപട്ടം സ്വീകരിച്ചത് ഈ ദേവാലയത്തിൽ വെച്ചാണ്. അന്ന് ചാവറയച്ചൻ കഴിഞ്ഞ മുറി ഇന്നും ഇവിടെ ആദരവോടെ സംരക്ഷിച്ചു പോരുന്നു. പൗരാണികതയും ചരിത്രപ്രാധാന്യവും പ്രശസ്തിയും പരിഗണിച്ച് ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ 2010-ൽ അർത്തുങ്കൽ പള്ളിയെ ബസിലിക്ക പദവിയിലേക്ക് ഉയർത്തി. ആലപ്പുഴ ജില്ലയിലെ ആദ്യ ബസിലിക്ക യാണ് അർത്തുങ്കൽ പള്ളി.
കേരളത്തിലെ മതമൈത്രിയുടെ പുകൾപെറ്റ ഉദാഹരണമാണ് ഈ ബസിലിക്ക. മണ്ഡലപൂജാ കാലത്ത് വ്രതാനുഷ്ഠാനങ്ങളോടെ ശബരിമലയിലേക്ക് പോകുന്ന നൂറുകണക്കിന് അയ്യപ്പന്മാർ മടക്കയാത്രയിൽ ഇവിടെയെത്താറുണ്ട്. വിശുദ്ധ സെബസ്ത്യാനോസിന്റെ സ്വരൂപം വണങ്ങി നേർച്ചക്കാഴ്ചകൾ സമർപ്പിച്ചശേഷം ഇവിടെവെച്ച് അവർ മാലയൂരുന്നു. ലക്ഷങ്ങൾ തടിച്ചുകൂടുന്ന ഇവിടത്തെ തിരുനാൾ ജാതിമത ഭേദമെന്യേ നാടിന്റെ ആഘോഷമായി മനുഷ്യർ ആഘോഷിക്കുന്നു. വിശ്വാസത്തിനും ആചാരാനുഷ്ഠാനങ്ങൾക്കും അതീതമായ പരസ്പരസ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും പുണ്യസന്ദേശമാണ് അർത്തുങ്കൽ പള്ളി തലമുറകളെ പഠിപ്പിക്കുന്നത്.
പെരുന്നാൾ
എല്ലാ വർഷവും ജനുവരി 10 മുതൽ ജനുവരി 27 വരെയാണ് വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ കൊണ്ടാടപ്പെടുന്നത്. പാലായിൽ നിന്നുമാണ് തിരുന്നാളിന് ഉയർത്താനുള്ള കൊടി കൊണ്ടുവരുന്നത്. പത്ത് മുതൽ പതിനഞ്ച് ലക്ഷംവരെ വിശ്വാസികൾ തിരുന്നാളിൽ പങ്കെടുക്കാനെത്തുന്നു. 20-ാം തീയതി നടക്കുന്ന തിരുരൂപം വഹിച്ചുള്ള പ്രദക്ഷിണമാണ് തിരുനാളിന്റെ മുഖ്യ ആകർഷണം. വെളുത്തച്ചനെ പ്രാർഥിച്ചുകൊണ്ട് ആയിരങ്ങൾ പ്രദക്ഷിണത്തിന്റെ ഭാഗമാകുന്നു. ഈ വിശുദ്ധാവസരത്തിൽ ആകാശത്ത് ചെമ്പരുന്തുകൾ പ്രത്യഷപ്പെടാറുണ്ട്.
അമ്പുനേർച്ച
അതിവിശിഷ്ടമാണ് അർത്തുങ്കലിലെ അമ്പുനേർച്ച. അമ്പുംവില്ലും കൊണ്ട് പള്ളിയുടെ പ്രധാന വാതിൽക്കലിൽ എത്തി പ്രാർഥന ചൊല്ലണം. പിന്നീട് പള്ളിക്ക് മൂന്ന് വലംവെച്ച് വിശുദ്ധ സെബസ്ത്യാനോ സിന്റെ നടയിൽ അമ്പ് നേർച്ച സമർപ്പിക്കണം. രോഗശാന്തിക്കുവേണ്ടി പ്രാർഥിച്ചുകൊണ്ടാണ് വിശ്വാസികൾ അമ്പുനേർച്ച നടത്തുന്നത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Explore Arthunkal Basilica, a testament to faith, historical architecture, and religious harmony. Discover the miracles of St. Sebastian & `Veluthachan`.
Published: 26 Jan 2026, 04:30 pm IST
Related Topics
Read articles on app
Subscribe to our Newsletter
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Leave a Reply
You must be logged in to post a comment.