Your cart is currently empty!
ടേസ്റ്റ് അറ്റ്ലസിൽ ഇടം നേടിയ വടാപാവും പൊടിമാസും

ലാകഭക്ഷ്യസംസ്കാരത്തെ ഒരൊറ്റ വേദിയിൽ കൊണ്ടുവരുന്ന ഒരു പ്രശസ്തമായ ഓൺലൈൻ ഗൈഡാണ് ടേസ്റ്റ് അറ്റ്ലസ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പരമ്പരാഗത വിഭവങ്ങൾ, പ്രാദേശിക ഭക്ഷണങ്ങൾ, പാനീയങ്ങൾ, മധുരപലഹാരങ്ങൾ എന്നിവയെ കുറിച്ചുള്ള വിശദമായ വിവരങ്ങളും റേറ്റിങ്ങുകളും ഇതിൽ ലഭ്യമാണ്. യഥാർഥരുചിയും പാചക പാരമ്പര്യവും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ടേസ്റ്റ് അറ്റ്ലസ് ഭക്ഷണപ്രേമികൾക്കും യാത്രികർക്കും പുതിയ ഭക്ഷ്യാനുഭവങ്ങൾ കണ്ടെത്താൻ സഹായിക്കുന്ന ഒരു വിശ്വസനീയമായ പ്ലാറ്റ്ഫോമാണ്. 2026-ൽ ടേസ്റ്റ് അറ്റ്ലസ് ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഉരുളക്കിഴങ്ങ് വിഭവങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് പുറത്തിറക്കിയ ലിസ്റ്റിൽ ആദ്യത്തെ അമ്പതിൽ തന്നെ ഇന്ത്യൻ വിഭവങ്ങൾ ഉൾപ്പെട്ടത് ഈയിടെ വാർത്തയായിരുന്നു. വടക്കേ ഇന്ത്യൻ വിഭവങ്ങളായ വടാ പാവ് പതിനേഴാം സ്ഥാനവും ആലൂ ഗോബി ഇരുപത്തിയേഴാം സ്ഥാനവും ബറ്റാറ്റാ വട നാൽപതാം സ്ഥാനവും ആലൂ ടിക്കി നാൽപത്തിനാലാം സ്ഥാനവുമാണ് നേടിയത്. എഴുപത്തി ഒന്നാം സ്ഥാനത്ത് തമിഴ് നാടിന്റെ ബോണ്ടയുമുണ്ട്. നമ്മുടെ കേരളത്തിന്റെ ഉരുളക്കിഴങ്ങ് വിഭവം ഈ ലിസ്റ്റിൽ ഇടം പിടിച്ചു കാണുമോ എന്ന കൗതുകത്തോടെയാണ് ടേസ്റ്റ് അറ്റ്ലസ് പരിശോധിച്ചത്. നൂറ്റി മുപ്പത്തിയെട്ടാം സ്ഥാനത്ത് നമ്മുടെ സ്വന്തം ഉരുളക്കിഴങ്ങ് പൊടിമാസും ഇടം പിടിച്ചിരിക്കുന്നു.
വടാ പാവ്
ചേരുവകൾ:
ഉരുളക്കിഴങ്ങ് – നാലെണ്ണം
പാവ് ബൺ – ആറെണ്ണം
കടലമാവ് – ഒരു കപ്പ്
ഇഞ്ചി,വെളുത്തുള്ളി, പച്ചമുളക് ചതച്ചത് – രണ്ട് ടേബിൾ സ്പൂൺ
മഞ്ഞൾപൊടി – അര ടീസ്പൂൺ
മുളകുപൊടി – ഒരു ടീസ്പൂൺ
അയമോദകം – കാൽ ടീസ്പൂൺ
കടുക് – അര ടീസ്പൂൺ
ജീരകം – അര ടീസ്പൂൺ
പച്ചമുളക് – ആറ്
കറിവേപ്പില, മല്ലിയില, ഉപ്പ്, എണ്ണ – ആവശ്യത്തിന്
തയ്യാറാക്കുന്നവിധം: ഉരുളക്കിഴങ്ങ് വേവിച്ച് തൊലി കളഞ്ഞുവെക്കുക. പാനിൽ രണ്ട് ടേബിൾ സ്പൂൺ എണ്ണ ചൂടാക്കി, കടുകിട്ട് പൊട്ടുമ്പോൾ ജീരകവും ചേർത്ത്, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചതച്ചതും ചേർത്ത് വഴറ്റുക. ഇതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് ഉരുളക്കിഴങ്ങ് ചേർത്ത് നന്നായി ഉടച്ചു യോജിപ്പിക്കണം. ഇതിലേക്ക് കറിവേപ്പിലയും മല്ലിയിലയും പൊടിയായി അരിഞ്ഞത് ചേർത്ത് യോജിപ്പിച്ച്, ഈ കൂട്ട് ആറാൻ വെക്കുക. ശേഷം ആറ് ഉരുളകളാക്കി വെക്കുക.
കടലമാവിലേക്ക് കാൽ സ്പൂൺ മഞ്ഞൾപൊടി, ഒരു ടീസ്പൂൺ മുളകുപൊടി, അയമോദകം, ഉപ്പ് എന്നിവ ചേർത്ത്, ആവശ്യത്തിന് വെള്ളമൊഴിച്ച് യോജിപ്പിച്ച് ദോശമാവിന്റെ പരുവത്തിൽ മാവ് തയ്യാറാക്കി വെക്കുക. കഡായിയിൽ എണ്ണ ചൂടാക്കി, തയ്യാറാക്കിവെച്ച മാവിൽ നിന്ന് രണ്ട് തവി മാവ് കണ്ണാപ്പയിലൂടെ ഒഴിച്ച് ബൂന്ദിയായി ഫ്രൈ ചെയ്ത് റെഡ് ചട്ണിക്കായി മാറ്റി വെക്കണം. ശേഷം ഉരുട്ടിവെച്ച ഉരുളക്കിഴങ്ങ് ഓരോ ഉരുളയായി മാവിൽമുക്കി എണ്ണയിലിട്ട് പൊരിച്ച് കോരിവെക്കുക. ഇതേ എണ്ണയിൽ പച്ചമുളകും വറുത്തുകോരി വെക്കുക. ഇനി റെഡ് ചട്ണിയും ഗ്രീൻ ചട്ണിയും തയ്യാറാക്കണം.
റെഡ് ചട്ണി
ചേരുവകൾ:
തയ്യാറാക്കി വെച്ച ബൂന്ദി – അരക്കപ്പ്
വെളുത്തുള്ളി – ഒന്ന്
നിലക്കടല – ഒരു ടേബിൾ സ്പൂൺ
വെളുത്ത എള്ള് – ഒരു ടേബിൾ സ്പൂൺ
മുളകുപൊടി – ഒരു ടേബിൾ സ്പൂൺ
എണ്ണ – ഒരു ടേബിൾ സ്പൂൺ
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്നവിധം: പാനിൽ എണ്ണ ചൂടാക്കി, വെളുത്തുള്ളി ചേർത്ത് വഴറ്റുക. ഇതിലേക്ക് നിലക്കടലയും എള്ളും ചേർത്ത് വഴറ്റുക. അടുപ്പിൽനിന്ന് മാറ്റിയതിനുശേഷം ബൂന്ദിയും മുളകുപൊടിയും ഉപ്പും ചേർത്ത് ആറാൻ വെക്കുക. മിക്സി ജാറിലിട്ട് തരിയായി ക്രഷ് ചെയ്തെടുക്കുക.
ഗ്രീൻ ചട്ണി
ചേരുവകൾ:
മല്ലിയില – കാൽ കപ്പ്
പുതിനയില – കാൽ കപ്പ്
ഇഞ്ചി – ഒരു ചെറിയ കഷ്ണം
വെളുത്തുള്ളി – ആറ് അല്ലി
പച്ചമുളക് – രണ്ട്
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്നവിധം: ചേരുവകൾ എല്ലാം കൂടി മിക്സി ജാറിൽ ആവശ്യത്തിന് വെള്ളവും ചേർത്ത് അരച്ചെടുക്കുക. ഇനി പാവ് ബൺ നടുവേ മുറിച്ച് രണ്ടു വശത്തും ഗ്രീൻ ചട്ണി പുരട്ടി വെക്കുക. തയ്യാറാക്കിയ വട നടുവിൽ വെച്ച്, അതിനു മുകളിൽ റെഡ് ചട്ണിയും ഒരു വറുത്ത പച്ചമുളകും വെച്ച് മുകളിൽ പാവ് ബൺ വെച്ച് മൂടുക. ഇങ്ങനെ എല്ലാ വടാ പാവും തയ്യാറാക്കി വിളമ്പാം.

പൊടിമാസ്
ചേരുവകൾ:
ഉരുളക്കിഴങ്ങ് – മൂന്നെണ്ണം
സവാള – ഒന്ന്
പച്ചമുളക് – മൂന്ന്
കടുക് – അര ടീസ്പൂൺ
ഉഴുന്നുപരിപ്പ് – ഒരു ടീസ്പൂൺ
കടലപ്പരിപ്പ് – ഒരു ടീസ്പൂൺ
മഞ്ഞൾപൊടി – കാൽ ടീസ്പൂൺ
കറിവേപ്പില, മല്ലിയില, ഉപ്പ്, എണ്ണ- ആവശ്യത്തിന്
തയ്യാറാക്കുന്നവിധം: ഉരുളക്കിഴങ്ങ് വേവിച്ച് തൊലി കളഞ്ഞ് ഉടച്ചുവെക്കുക. പാനിൽ എണ്ണ ചൂടാക്കി, കടുക് പൊട്ടിച്ച് ഉഴുന്ന് പരിപ്പ്, കടല പരിപ്പ്, കറിവേപ്പില എന്നിവ ചേർക്കുക. ചുവന്നു വരുമ്പോൾ പൊടിയായി അരിഞ്ഞ സവാളയും പച്ചമുളകും ചേർത്ത് വഴറ്റുക. സവാള മൊരിഞ്ഞു തുടങ്ങുമ്പോൾ മഞ്ഞൾപൊടിയും ഉപ്പും ചേർത്ത് ഉരുളക്കിഴങ്ങും ചേർത്ത് നന്നായി യോജിപ്പിക്കുക. കുറച്ചു സമയം ചെറുതീയിൽ വെച്ചതിനുശേഷം മല്ലിയിലയും തൂവി വാങ്ങാം.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Potato dishes from around the world, proudly listed on TasteAtlas for their timeless taste
Published: 30 Jan 2026, 01:51 pm IST
ABOUT THE AUTHOR
Related Topics
Read articles on app
Subscribe to our Newsletter
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Leave a Reply
You must be logged in to post a comment.