Your cart is currently empty!
ആരോഗ്യഗുണങ്ങളാൽ മധുരിക്കുന്ന മധുരക്കിഴങ്ങ് സ്റ്റ്യൂയും സ്റ്റഫ്ഡ് പറാത്തയും

കിഴങ്ങുവർഗമാണെങ്കിലും മധുരക്കിഴങ്ങിന് ആരോഗ്യഗുണങ്ങളേറെയാണ്. പോഷകസമൃദ്ധവും ഫൈബർ കൂടുതലുമായതിനാൽ ദഹനം മെച്ചപ്പെടുത്തും. വിറ്റാമിൻ എ, സി, ബി6, പൊട്ടാസ്യം, ഫൈബർ എന്നിവ ധാരാളം ഇതിൽ അടങ്ങിയിട്ടുണ്ട്. ആന്റിഓക്സിഡന്റുകളും വിറ്റാമിൻ സിയും അടങ്ങിയിട്ടുള്ളതിനാൽ പ്രതിരോധശക്തി വർധിപ്പിക്കാനും സഹായിക്കും. ബീറ്റാ കരോട്ടിൻ ധാരാളമുള്ളതിനാൽ കാഴ്ചശക്തിക്കും വളരെ നല്ലതാണ്. രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനുമൊക്കെ മധുരക്കിഴങ്ങ് ആഹാരത്തിൽ ഉൾപ്പെടുത്താം. ആന്റിഓക്സിഡന്റുകളാൽ സമ്പന്നമായതിനാൽ ചർമ്മത്തിന്റെ സ്വാഭാവികത നഷ്ടപ്പെടുത്താതെ യുവത്വം നിലനിർത്തുകയും ചെയ്യും.

സ്വീറ്റ് പൊട്ടറ്റോ സ്റ്റ്യൂ
ചേരുവകൾ:
മധുരക്കിഴങ്ങ് – 250 ഗ്രാം
സവാള – ഒന്ന്
ഇഞ്ചി ചതച്ചത് – ഒരു ടേബിൾ സ്പൂൺ
പച്ചമുളക് – അഞ്ച്
കട്ടി തേങ്ങാപ്പാൽ – ഒന്നരക്കപ്പ്
വെളിച്ചെണ്ണ – ഒരു ടേബിൾ സ്പൂൺ
കറിവേപ്പില, ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്നവിധം: മധുരക്കിഴങ്ങ് തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കുക. കുക്കറിൽ മധുരക്കിഴങ്ങ്, സവാള അരിഞ്ഞത്, ഇഞ്ചി, ആവശ്യത്തിന് ഉപ്പ്, വെള്ളം എന്നിവ ചേർത്ത് വേവിക്കുക. ഒരു വിസിൽ വന്നതിനുശേഷം ചെറുതീയിൽ വെച്ച് മൂന്ന് വിസിലിനുശേഷം തീ അണയ്ക്കാം. പ്രഷർ പോയതിനുശേഷം കുക്കറിന്റെ മൂടി തുറന്ന്, മധുരക്കിഴങ്ങ് നന്നായി ഉടച്ചെടുക്കുക. ഇനി അടുപ്പിലേക്ക് വെച്ച് തേങ്ങാപ്പാലും ചേർത്ത് യോജിപ്പിക്കുക. തിളച്ചു തുടങ്ങുമ്പോൾ കറിവേപ്പിലയും വെളിച്ചെണ്ണയും തൂവി വാങ്ങാം. അപ്പം, ഇടിയപ്പം എന്നിവയോടൊപ്പം വിളമ്പാം.

സ്വീറ്റ് പൊട്ടറ്റോ സ്റ്റഫ്ഡ് പറാത്ത
ചേരുവകൾ:
മധുരക്കിഴങ്ങ് – രണ്ടെണ്ണം
ഗോതമ്പുപൊടി – ഒന്നര കപ്പ്
സവാള – ഒന്ന്
പച്ചമുളക് – രണ്ട്
വെളുത്തുള്ളി – രണ്ടല്ലി
മഞ്ഞൾപൊടി – കാൽ ടീസ്പൂൺ
മുളകുപൊടി – ഒരു ടീസ്പൂൺ
മല്ലിപ്പൊടി- ഒരു ടീസ്പൂൺ
ഗരം മസാല- ഒരു ടീസ്പൂൺ
മല്ലിയില, നെയ്യ്, ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്നവിധം: ഗോതമ്പുപൊടിയിൽ ആവശ്യത്തിന് ചൂട് വെള്ളവും ഉപ്പും ചേർത്ത് ചപ്പാത്തി മാവിന്റെ പരുവത്തിൽ കുഴച്ചുവയ്ക്കുക. മധുരക്കിഴങ്ങ് സ്റ്റീമറിൽ വെച്ച് വേവിച്ച് തൊലി കളഞ്ഞ് ഉടച്ചെടുക്കുക. ഇതിലേക്ക് സവാള, പച്ചമുളക്, വെളുത്തുള്ളി എന്നിവ പൊടിയായി അരിഞ്ഞതും എല്ലാ പൊടികളും ഉപ്പും മല്ലിയില അരിഞ്ഞതും ചേർത്ത് നന്നായി കൈകൊണ്ട് യോജിപ്പിക്കുക. കുഴച്ചുവെച്ച മാവിൽ നിന്ന് ഓരോ ഉരുളയായി എടുത്ത് ചെറുതായി ഒന്ന് പരത്തി രണ്ട് ടേബിൾ സ്പൂൺ മധുരക്കിഴങ്ങ് കൂട്ട് വെച്ച് കിഴിപോലെ മടക്കി എല്ലാവശവും സീൽ ചെയ്യുക. അധികം വരുന്ന മാവ് മാറ്റിയതിനുശേഷം വീണ്ടും ഉരുളയാക്കി ഗോതമ്പുപൊടിയിൽ മുക്കി പരത്തിയെടുക്കുക. ദോശക്കല്ല് ചൂടാക്കി പരത്തിയ പറാത്ത വെച്ച് രണ്ടുവശവും നെയ്യ് തൂവി തിരിച്ചും മറിച്ചുമിട്ട് മൊരിയിച്ചെടുക്കുക.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Sweet potatoes are a healthy superfood, perfect for simple and tasty recipes
Published: 11 Feb 2026, 12:30 pm IST
ABOUT THE AUTHOR
Related Topics
Read articles on app
Subscribe to our Newsletter
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Leave a Reply
You must be logged in to post a comment.