മോഹിച്ചതെല്ലാം സ്വന്തമാക്കിയ ഒരു ചക്രവർത്തിക്ക് തന്റെ വംശം നിലനിർത്താൻ അനന്തരാവകാശികൾ ഇല്ല. പത്തിൽ കൂടുതൽ ഭാര്യമാരുണ്ടായിട്ടും നാടായ നാടുകളിലെ പ്രഗത്ഭരായ വൈദ്യന്മാരെ കൊണ്ടുവന്നിട്ടും കുഞ്ഞുങ്ങളില്ല. ആറ്റുനോറ്റുണ്ടായ ചില പൈതങ്ങൾ ബാലാരിഷ്ടത വന്നു മരണപ്പെടുന്നു. ദുഃഖം താങ്ങാനാകാതെ ചക്രവർത്തി ഭക്തിമാർഗത്തിൽ അഭയം പ്രാപിക്കുന്നു. ആഗ്രയ്ക്കടുത്തുള്ള സിക്രി എന്ന കുഞ്ഞുഗ്രാമത്തിൽ മാറാരോഗങ്ങൾ പ്രാർത്ഥനയിലൂടെ മാറ്റുന്ന ഒരു സൂഫിവര്യൻ ഉണ്ടെന്ന് ചക്രവർത്തി അറിയുന്നു. അദ്ദേഹത്തിന്റെ പ്രഭാഷണം കേട്ട ചക്രവർത്തി ആ മനുഷ്യനെ തന്റെ ആത്മീയഗുരുവായി അവരോധിച്ചു. അധികം താമസിയാതെ ചക്രവർത്തിക്ക് ആരോഗ്യവാനായ ഒരാൺകുഞ്ഞ് പിറന്നു. ആ കുഞ്ഞിനെ അദ്ദേഹം ജഹാംഗീർ എന്നു വിളിച്ചു.

To advertise here,

ചക്രവർത്തിയുടെ പേര് ജലാലുദ്ദീൻ അക്ബർ! ചരിത്രം അദ്ദേഹത്തെ അക്ബർ ദ ഗ്രേറ്റ് എന്നു വിശേഷിപ്പിച്ചു. താൻ ലോകത്ത് ഏറ്റവുമധികം ആഗ്രഹിച്ച ‘കുഞ്ഞ് എന്ന സ്വപ്നം സഫലമാക്കിത്തന്ന സൂഫിവര്യനായ സലീം ചിഷ്തിക്കായി, അക്ബർ സിക്രിയിൽ ഒരു ദർഗ്ഗ പണിതു. ദർഗയ്ക്ക് തൊട്ടരികിലേക്ക് അക്ബർ തന്റെ തലസ്ഥാനം തന്നെ മാറ്റി! അതാണ് ആഗ്രയിൽ നിന്ന് ഏകദേശം നാല്പതു കിലോമീറ്റർ ദൂരെ സ്ഥിതി ചെയ്യുന്ന ഫത്തെഹ്പുർ സിക്രി! ഗുരുവിനോടുള്ള ആദരസൂചകമായി തന്റെ മകനെ സ്‌നേഹത്തോടെ അദ്ദേഹം സലിം എന്നു വിളിച്ചു! ഈ സലിം ആണ് പിന്നീട് കൊട്ടാരം നർത്തകിയായ അനാർക്കലിയുടെ പ്രിയപ്പെട്ട സലിം ആയത്. അതവിടെ നിൽക്കട്ടെ തല്ക്കാലം. നമുക്ക് കുറച്ചു കഴിഞ്ഞ് അതിലേക്ക് കടക്കാം. ആഗ്രയിൽ പോയാൽ താജ്മഹൽ കാണുന്നതിനേക്കാൾ എനിക്ക് സന്തോഷം ഫത്തെഹ്പുർ സിക്രി കാണാനാണ്! അക്ബറിനോട് എക്കാലത്തും ഒരു പ്രത്യേക മമത ഉള്ളതുകൊണ്ടും അവിടെ ചെന്നാൽ ഒന്നാന്തരം ഖവാലി കേൾക്കാം എന്നുള്ളതുകൊണ്ടുമാവാം. അറിയില്ല! 1571 മുതൽ 1585 വരെ ഏകദേശം പതിനാലു വർഷങ്ങൾ മാത്രമാണ് ഫത്തെഹ്പുർ സിക്രി മുഗൾ രാജവംശത്തിന്റെ തലസ്ഥാനമായി പ്രവർത്തിച്ചത്. കൊടിയ ജലക്ഷാമം മൂലം 1585-ൽ ഫത്തെഹ്പുർ സിക്രി ഉപേക്ഷിക്കപ്പെടുകയായിരുന്നു.

ഫത്തെഹ്പുർ സിക്രിയുടെ തെക്കേഭാഗത്താണ് ബുലന്ദ് ദർവാസ. മുഗൾ കാലഘട്ടത്തിലെ ഏറ്റവും വലിയ വാതിലാണത്! ബുലന്ദ് ദർവാസ കടന്ന് അകത്തേക്ക് കയറിയാൽ ആകെ മൊത്തം ഒരു ബഹളമാണ്. കച്ചവടക്കാരിൽ നിന്ന് രക്ഷപ്പെട്ട് എങ്ങനെയൊക്കെയോ മുന്നോട്ട് നടക്കുമ്പോൾ ഒത്തനടുക്ക് കാണാം വെണ്ണക്കല്ലിൽ തീർത്ത സുന്ദരമായൊരു കുഞ്ഞു ദർഗ്ഗ. ഇവിടെയാണ് സലിം ചിഷ്തിയുടെ കബർ. മുഗൾ വാസ്തുകലയുടെ പ്രത്യേകതയായ വെണ്ണക്കല്ലിൽ കൊത്തിയെടുത്ത ജനാലകൾ അഥവാ ജാലികൾ ഈ ദർഗയിലും കാണാം! അക്ബറിന് ഏറെ പ്രിയപ്പെട്ട ചെങ്കല്ലിലാണ് ഫത്തെഹ്പുർ സിക്രിയിലെ മറ്റെല്ലാ കെട്ടിടങ്ങളും പണികഴിപ്പിച്ചിരിക്കുന്നത്. ഇവയിൽനിന്നെല്ലാം വ്യത്യസ്തമായി, അക്കാലത്ത് അത്യപൂർവമായിരുന്ന വെണ്ണക്കല്ലാണ് അക്ബർ തന്റെ ഗുരുവിനായി തെരഞ്ഞെടുത്തത്. ചുറ്റും ചുമന്ന കെട്ടിടങ്ങൾക്ക് നടുവിൽ വെളുവെളെ വെളുത്ത ഈ ദർഗ തലയെടുപ്പോടെ നിൽക്കുന്നത് കാണാൻ തന്നെ ഭംഗിയാണ്! ചിഷ്തിയുടെ ദർഗയ്ക്ക് മുന്നിൽ മിക്കപ്പോഴും ഖവാലി ഗായകർ കാണും. നമ്മുടെ കൈയ്യിലെ നോട്ടിന്റെ നിറത്തിനനുസരിച്ച് പാട്ടും കൊഴുക്കും! അവരെ കുറ്റം പറയാൻ പറ്റില്ല. അവരുടെ വരുമാനമാർഗമാണിത്. ചിലപ്പോഴൊക്കെ അജ്‌മേർ ദർഗയെക്കാളും നല്ല ഖവാലി സലിം ചിഷ്തി ദർഗയിൽ നടക്കുന്നത് കണ്ടിട്ടുണ്ട്. ദർഗയുടെ പിൻഭാഗത്തേക്ക് മറ്റൊരു ലോകമാണ്. ചിഷ്തിയുടെ കുടുംബാംഗങ്ങളുടെ കബറുകളാണ് അവിടെ നിറയെ! അങ്ങോട്ടേക്കു പോകുമ്പോൾ, കൈവിഷം ഒഴിപ്പിക്കാം, കൂടോത്രം ചെയ്യാം എന്നൊക്കെ പറഞ്ഞു ധാരാളം മനുഷ്യർ നമുക്ക് ചുറ്റും കൂടും! ഇവരിൽ കൊടുംഭീകരർ ചരടും കൊണ്ട് നടക്കുന്നവരാണ്. ചിഷ്തിയുടെ ദർഗയിൽ ജപിച്ച ചാരടാണെന്നും പറഞ്ഞു നമ്മുടെ കൈയ്യിൽ കൊണ്ടുവന്നു കെട്ടും! ഇഷ്ടമുള്ളത് തന്നാൽ മതി എന്നൊക്കെ പറഞ്ഞിട്ട് അവസാനം കേറി അഞ്ഞൂറും ആയിരവുമൊക്കെ ചോദിച്ചുകളയും! കൊടുത്തില്ലേൽ പിന്നെ പ്രാക്കാണ്! ഇവരെയെല്ലാം വെട്ടിച്ച് പിന്നെയും പുറകിലേക്ക് ചെന്നാൽ അധികമാരും എത്തിപ്പെടാത്ത ഒരു വലിയ മുറി കാണാം! അവിടെ കുറേ കബറുകൾക്കിടയിലായി ഒരു ഭൂഗർഭ തുരങ്കത്തിലേക്ക് ഇറങ്ങുന്ന കുറച്ചു പടികളുണ്ട്. തുരങ്കത്തിലേക്കുള്ള വാതിൽ പൂട്ടിയ നിലയിലാണ്. ഈ തുരങ്കം വഴി അനാർക്കലി പാക്കിസ്ഥാനിലേക്ക് കടന്നു എന്ന് വിശ്വസിക്കുന്നവരുണ്ട്.

ഇനി ആരാണ് അനാർക്കലി? അക്ബറിന്റെ കൊട്ടാരം നർത്തകിമാരിൽ പ്രധാനിയായിരുന്നു അതിസുന്ദരിയായ അനാർക്കലി! പാട്ടിലും നൃത്തത്തിലും സാഹിത്യത്തിലും നിപുണയായ അനാർക്കലിയോട് കലശലായ പ്രണയമായിരുന്നു സലിം രാജകുമാരന്. അനാർക്കലിയും സലീമിനെ ജീവന് തുല്യം സ്‌നേഹിച്ചു. കൊട്ടാരം നർത്തകിയും മുഗൾ രാജവംശത്തിന്റെ പിന്തുടർച്ചക്കാരനും പ്രേമിക്കുകയോ! അക്ബർ ചക്രവർത്തിക്ക് അതു ചിന്തിക്കാൻ കൂടി സാധിക്കില്ലായിരുന്നു! അതുവരെ അച്ഛനെ ഈശ്വരതുല്യനായി കണ്ട മകൻ അനാർക്കലിക്ക് വേണ്ടി അച്ഛനെ എതിർത്തു സംസാരിച്ചു. അനാർക്കലി മുഗൾ രാജവംശത്തിന്റെ ഭാവിക്ക് നല്ലതല്ലെന്ന് മനസ്സിലാക്കിയ അക്ബർ മകനെ ബന്ധനസ്ഥനാക്കി. അനാർക്കലിയുടെ ചുറ്റോട് ചുറ്റും ഇഷ്ടികയും ചുണ്ണാമ്പുംകൊണ്ട് മതിലുകൾ പണിത് ജീവനോടെ അതിനകത്തു എന്നെന്നേക്കുമായി ബന്ധനസ്ഥയാക്കി. ഇതാണ് അനാർക്കലിയുടെ കഥ. അനാർക്കലിയെ ചിലരുടെ സഹായത്തോടെ അവിടുന്ന് സലിം രക്ഷപ്പെടുത്തിയെന്നും ലഹോറിലേക്ക് കടത്തിയെന്നുമാണ് മറ്റൊരു വാദം! പിന്നീട് സലീമിന്റെ മരണം വരെയും അനാർക്കലി അയാളുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു എന്നും പറയപ്പെടുന്നു. അങ്ങനെ അനാർക്കലി ലഹോറിലേക്ക് കടന്നുവെന്ന് പറയപ്പെടുന്ന തുരങ്കമാണ് ഇന്ന് കബറുകളുടെ ഇടയിൽ ആരുമാറിയാതെ ഒരു മൂലയിൽ കിടക്കുന്നത്. ഇത് സത്യമാണെന്ന് സ്ഥാപിക്കാൻ മതിയായ തെളിവുകളൊന്നും തന്നെയില്ല. അന്ന് ഫത്തെഹ്പുർ സിക്രിയിൽവെച്ച് അനാർക്കലി മരണപ്പെട്ടെങ്കിൽ പിന്നീട് എന്തിന് ലഹോറിൽ സലിം രാജകുമാരൻ അനാർക്കലിക്കായി ഒരു കബർ പണിയണം? ഇതാണ് അനാർക്കലി ലഹോറിലേക്ക് കടന്നു എന്നു വിശ്വസിക്കുന്നവരുടെ പ്രധാനവാദം. ഇനി ഇതൊന്നും സത്യമല്ലെന്നും അനാർക്കലി എന്ന വ്യക്തിപോലും ഉണ്ടായിരുന്നില്ല, അവർ വെറുമൊരു സുന്ദരസങ്കല്പമാണ് എന്നും വാദിക്കുന്നവരുണ്ട്. സത്യം അറിയാവുന്ന അക്ബറോ സലിം രാജകുമാരനോ ജീവനോടെ ഇല്ലാത്ത സ്ഥിതിയ്ക്ക് അനാർക്കലി ഒരു സുന്ദര സങ്കൽപ്പതിനപ്പുറം ജീവിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു എന്നും സലിം രാജകുമാരന്റെ പ്രിയരഹസ്യമായി ഒരുപാടു കാലം സന്തോഷത്തോടെ ലഹോറിൽ ജീവിച്ചിരുന്നു എന്നും വിശ്വസിക്കാൻ ആണ് എന്നിലെ റോമാന്റിക്കിനിഷ്ടം. അതുകൊണ്ട്, ആരും തിരിഞ്ഞു നോക്കാത്ത പൊട്ടിപ്പോളിഞ്ഞ ആ തുരങ്കവാതിലുകൾ എനിക്കത്രമേൽ പ്രിയപ്പെട്ടതാണ്.

placeholder
ലേഖിക ഫത്തെഹ്പുർ സിക്രിയിൽ| ഫോട്ടോ: എൻ. ഗൗരി

ദർഗ്ഗയിൽ നിന്ന് അല്പം മാറിയാണ് അക്ബറിന്റെ ഭരണകേന്ദ്രമായ ഫത്തെഹ്പുർ. ചെങ്കല്ലുകൾ കൊണ്ടു പണിത ചെറുതും വലുതുമായ ഒട്ടനവധി കെട്ടിടങ്ങളുണ്ട് അവിടെ. ഇവയിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് മഹാറാണി ജോധാബായിയുടെ കൊട്ടാരമാണ്. അക്ബറിന് ഏറ്റവും പ്രിയപ്പെട്ട പത്‌നി ഹർക്ക ബായി എന്ന ജോധായായിരുന്നു എന്നാണ് ചരിത്രം പറയുന്നത്. ഇനി ചരിത്രം ഒന്നും അറിഞ്ഞില്ലേലും ജോധയോടുള്ള അക്ബറിന്റെ പ്രത്യേകമമത ഫത്തെഹ്പുരിൽ വരുമ്പോൾ മനസ്സിലാകും. മറ്റു റാണിമാർക്കെല്ലാം താമസിക്കാൻ റാണിവാസ് എന്നൊരു കെട്ടിടമാണെങ്കിൽ ജോധായ്ക്ക് മാത്രം പ്രത്യേക കൊട്ടാരം അക്ബർ പണികഴിപ്പിച്ചു! രാജസ്ഥാനി രാജകുമാരിയായിരുന്ന ജോധായുടെ കൊട്ടാരത്തിൽ മുഗൾ വാസ്തുശൈലിയേക്കാൾ കൂടുതൽ രാജസ്ഥാനി വാസ്തുശൈലിയാണ് കാണാനാവുക. അവർക്ക് പ്രാർഥിക്കാനും പൂജകൾ ചെയ്യാനും അമ്പലവും അക്ബർ പണിതുനൽകി. ഇതിനുപുറമെ സസ്യാഹാരിയായിരുന്ന ജോധായ്ക്ക് ഭക്ഷണം പാകം ചെയ്യാനായി പ്രത്യേകം അടുക്കളയും അക്ബർ സജ്ജമാക്കി! തന്റെ സീമന്തപുത്രനായ സലീമിനെ പ്രസവിച്ച ജോധായെ ‘മറിയം ഉസ് സമാനി'(സ്ത്രീകളിൽ അനുഗ്രഹിപ്പെട്ടവൾ) എന്ന പദവി നൽകി ആദരിക്കുകയും ഭരണകാര്യങ്ങളിൽ ഇടപെടാനുള്ള അധികാരം നൽകുകയും ചെയ്തു! ജോധായുടെ കൊട്ടാരവും അടുക്കളയുമൊക്കെ നടന്നുകാണുമ്പോൾ രാജസ്ഥാനി ഡിസൈനുകളായ ജിമിക്കിയും തോരണവുമൊക്കെ കാണാൻ സാധിക്കും.

ജോധായുടെ കൊട്ടാരം വലുതാണ്, അതിവിശിഷ്ടമാണ്. എങ്കിലും അതിമനോഹരം അതല്ല. തുർക്കിയിൽ നിന്നു വന്ന ഒരു അധ്യാപികയെ പാർപ്പിച്ച ഒരു ചെറിയ കെട്ടിടമുണ്ട്. അതാണ് ഏറ്റവും മനോഹരം! ചുമരുകൾ മുഴുവൻ പേർഷ്യൻ ലിപിയും ചിത്രപ്പണികളും കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. അകത്തേക്ക് കയറുമ്പോൾ തണുപ്പ് ലഭിക്കുന്ന രീതിയിലാണ് ഈ കെട്ടിടം പണിതിരിക്കുന്നത്. ഇവരുടെ പേരോ മറ്റുവിവരങ്ങളോ ആർക്കുമറിയില്ല. പെൺകുട്ടികളെ പഠിപ്പിക്കാൻ തുർക്കിയിൽ നിന്നു വന്ന അധ്യാപികയാണെന്ന് ചിലർ പറയുന്നു. മറ്റു ചിലർ അക്ബറിന് വളരെ പ്രിയപ്പെട്ട സ്ത്രീയായിരുന്നു എന്നും പറയുന്നു. ചിത്രപ്പണികളും മറ്റും കാണുമ്പോൾ എന്തായാലും അവർ ചക്രവർത്തിയോട് ഏറെ അടുപ്പമുള്ള വ്യക്തി ആയിരുന്നു എന്നത് നിസ്സംശയം പറയാൻ സാധിക്കും.

‘This is Akbar’s sister Khamarunnisa’s home’ ഒരിക്കൽ എന്റെ തൊട്ടടുത്തു നിന്ന വിദേശികളോട് അവർ കൂടെ കൂട്ടിയ ഗൈഡ് ഈ കെട്ടിടം നോക്കി തട്ടിവിടുന്നത് കേട്ടു. എന്തായാലും അക്ബറിന് തുർക്കിയിൽ ഒരു പെങ്ങളുണ്ടെന്ന് എനിക്ക് തോന്നുന്നില്ല!

ഈ കെട്ടിടങ്ങളിൽ നിന്നെല്ലാം മാറിയാണ് അക്ബറിന്റെ സഭ അഥവാ ‘ദിവാൻ ഏ ഖാസ്’. ഇതൊരു പൊതുസഭയല്ല. മറിച്ച് മതപണ്ഡിതരും സംഗീതജ്ഞരും മറ്റും അക്ബറിനെ മുഖം കാണിച്ചിരുന്നത് ഇവിടെയാണ്. മുഗൾ വാസ്തുകലയിൽ നിന്ന് തീർത്തും വ്യത്യസ്തമായി ഒത്തനടുക്ക് ഒരു വലിയ തൂൺ ആണ് ഈ കെട്ടിടത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഈ തൂണിന്റെ നാലു ഭാഗത്തുനിന്നും നാലു പാനലുകൾ പോകുന്നുണ്ട്. ‘ദിവാൻ ഏ ആം’ ആണ് പൊതുസഭ. ഇവിടെയാണ് ചക്രവർത്തിയിരുന്നു ഭരണതീരുമാനങ്ങളെല്ലാം എടുത്തിരുന്നത്.

ഫത്തെഹ്പുർ സിക്രി ചുറ്റുമതിലുകൾ ഇല്ലാത്ത അപൂർവം തലസ്ഥാനങ്ങളിൽ ഒന്നാണ്. തന്നെ ആരും തോൽപ്പിക്കാൻ ഇല്ല എന്ന അക്ബറിന്റെ ആത്മവിശ്വാസത്തിന്റെ, അഹങ്കാരത്തിന്റെ തെളിവാണിത്. ചരിത്രത്തിൽ തന്നെ ഏറ്റവും കുറഞ്ഞ കാലം തലസ്ഥാനമായി ഇരുന്ന സ്ഥലങ്ങളിൽ ഒന്നാണ് ഫത്തെഹ്പുർ സിക്രി. അക്ബറിനെ പോലെ അജയ്യനായൊരു വ്യക്തി ഒടുവിൽ ഒരു ഒരു സൂഫി സന്യാസിയെ തന്റെ ഗുരുവായി വരിച്ചു അയാളുടെ കാൽക്കീഴിൽ തന്റെ രാജ്യഭരണം നടത്താൻ തീരുമാനിച്ചു എന്നോർക്കുമ്പോൾ തന്നെ ഒരത്ഭുതമാണ്! ഒന്നാലോചിച്ചു നോക്കു! ലോകം കീഴടക്കിയ ഒരു മനുഷ്യൻ ജീവിതത്തിൽ ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് ‘പിതാവ്’ എന്ന പദവി ആണ്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi