2026-ൽ അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യദിനം വരികയാണ്. ഒരു വർഷം നീളുന്ന ആഘോഷങ്ങളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. അമേരിക്കയുടെ ജന്മഭൂമി എന്നറിയപ്പെടുന്ന വിർജീനിയയിലാണ് പ്രധാനപരിപാടികൾ. അമേരിക്കയുടെ ചരിത്രത്തിലേക്കും സംസ്‌കാരത്തിലേക്കും ഇറങ്ങിച്ചെല്ലാനുള്ള അവസരമാണ് വിർജീനിയ ഒരുക്കുന്നത്. ഇംഗ്ലണ്ടിലെ വിർജിൻ രാജ്ഞി എലിസബത്തിന്റെ പേരിൽ അറിയപ്പെടുന്ന വിർജീനിയ, അമേരിക്കയിലെ ബ്രിട്ടീഷ് കോളനികളിൽ ആദ്യത്തേതും ഏറ്റവും വലുതും ഏറ്റവും സമ്പന്നവുമായിരുന്നു. പല സംസ്ഥാനങ്ങളുടെയും രൂപീകരണത്തിലുള്ള പങ്ക് കണക്കെടുത്ത് മദർ ഓഫ് സ്റ്റേറ്റ്‌സ് എന്നും വിർജീനിയയെ വിളിക്കാറുണ്ട്. മറ്റേത് സ്റ്റേറ്റിനേക്കാളും കൂടുതൽ പ്രസിഡന്റുമാരും സ്ഥാപകപിതാക്കന്മാരും വിർജീനിയയിൽ നിന്നുള്ളവരാണ്.

To advertise here,

വിർജീനിയയുടെ മണ്ണിലുടനീളം 250-ാം വാർഷികം ആഘോഷിക്കപ്പെടുകയാണ്. സഞ്ചാരികളെ കാത്തിരിക്കുന്ന കാഴ്ചകൾ എന്തൊക്കെയെന്ന് നോക്കാം.

തീൻമേശാ നയതന്ത്രം
മുൻ അമേരിക്കൻ പ്രസിഡന്റായിരുന്ന തോമസ് ജെഫേഴ്‌സൻ, മോണ്ടിസെല്ലോ എന്ന തന്റെ വീട്ടിൽ നടത്തിയിരുന്ന അത്താഴവിരുന്നുകൾ ഏറെ പ്രശസ്തമായിരുന്നു. വിഭവങ്ങൾക്കും സംഭാഷണങ്ങൾക്കും പേരുകേട്ട ഈ വിരുന്നുകളുടെ സ്മരണയ്ക്ക് ‘കളിനറി ഡിപ്ലോമസി അറ്റ് മോണ്ടിസെല്ലോ’ എന്ന പുതിയ പരിപാടി ആരംഭിച്ചിട്ടുണ്ട്. ഈ പാചക നയതന്ത്ര പരമ്പരയിൽ പാചകവിദഗ്ദ്ധർ, ചരിത്രകാരന്മാർ എന്നിവർ ഭക്ഷണം, ചരിത്രം, സംസ്‌കാരം എന്നിവയുടെ കൂടിച്ചേരൽ വിശദമാക്കുന്നു. ഭക്ഷണം എങ്ങനെ സാംസ്‌കാരിക ബോധവൽക്കരണത്തിനും ആശയവിനിമയത്തിനും പാലമാകുന്നുവെന്ന് ചർച്ചകളിലൂടെ വ്യക്തമാകും.

സ്‌പെഷ്യൽ എഡിഷൻ ടാറ്റൂ 250 & ബ്രിട്ടീഷ് ഇൻവേഷൻ (ഏപ്രിൽ 2026)
2026 ഏപ്രിലിൽ, നോർഫോക്കിൽ നടക്കുന്ന വിർജീനിയൻ ഇന്റർനാഷണൽ ടാറ്റൂ പ്രോഗ്രാമിൽ 1,000-ത്തിലധികം കലാകാരന്മാരാണ് പങ്കെടുക്കുന്നത്. ഫൈഫ് ആൻഡ് ഡ്രം കോർപ്പ്‌സ്, ബാഗ്‌പൈപ്പർമാർ, സൈനിക ബാൻഡുകൾ, പ്രിസിഷൻ ഡ്രിൽ ടീമുകൾ മുതൽ മോട്ടോർസൈക്കിൾ സ്റ്റണ്ട് കലാകാരന്മാർ വരെ ഇതിൽ ഉൾപ്പെടുന്നു.

 

placeholder
തോമസ് ജെഫേഴ്‌സന്റെ വീടായ മോണ്ടിസെല്ലോ

Sail 250
2026 ജൂണിൽ പത്ത് ദിവസത്തേക്ക്, 20 രാജ്യങ്ങളിൽ നിന്നുള്ള 60-തിലധികം കപ്പലുകളുടെ 10,000 ഉദ്യോഗസ്ഥരും കേഡറ്റുകളും ജീവനക്കാരും ചെസപീക്ക് ഉൾക്കടലിൽ സ്വാതന്ത്ര്യത്തിന്റെ സമുദ്രാഘോഷം നയിക്കും. അലക്‌സാണ്ട്രിയ, കേപ്പ് ചാൾസ്, ചെസപീക്ക്, ഹാംപ്ടൺ, ഓനാങ്കോക്ക്, പോർട്‌സ്മൗത്ത്, റിച്ച്മണ്ട് തുടങ്ങിയ തുറമുഖങ്ങളിലും ആഘോഷങ്ങൾ നടക്കും. Sail250® Americaയുടെ ഭാഗമായി ലോകത്തിലെ ഭംഗിയാർന്ന ഷിപ്പുകളും സൈനിക കപ്പലുകളും വിർജീനിയയുടെ തുറമുഖത്തെത്തും. 1976 മുതൽ നടന്ന OpSail പാരമ്പര്യത്തിന്റെ തുടർച്ചയായിട്ടാണ് ഈ മഹാസമ്മേളനം.

കൊളോണിയൽ വില്യംസ്ബർഗിൽ സ്വാതന്ത്ര്യദിനാഘോഷം (ജൂലൈ 4, 2026)
2026-ൽ, കൊളോണിയൽ വില്യംസ്ബർഗ് അമേരിക്കൻ സ്വാതന്ത്ര്യത്തിന്റെ 250-ാം വാർഷികവും അതിന്റെ ശതാബ്ദിയും ആഘോഷിക്കും. സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ പൊതുവായ വായന, സംഗീത പരിപാടികൾ, ഗംഭീരമായ കരിമരുന്ന് പ്രദർശനം എന്നിവ ഉൾപ്പെട്ട മഹാഘോഷം ആസൂത്രണം ചെയ്തിട്ടുണ്ട്. 2026 ജൂലൈ 4-ന് ചരിത്രമേഖലയിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കും.

പ്രത്യേക ടൂറുകൾ

1.ഫെയ്ത്ത് & ഫ്രീഡം ടൂർ
നാലുദിവസത്തെ ഈ യാത്ര ബ്രൂട്ടൺ പാരിഷ് ചർച്ച്, സെന്റ് പീറ്റേഴ്സ് പാരിഷ്, അമേരിക്കയിലെ ഏറ്റവും പഴക്കംചെന്ന ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചർച്ച് ഓഫ് വില്യംസ്ബർഗ് എന്നിവിടങ്ങളിലൂടെ വിപ്ലവത്തിന്റെ ആത്മീയ അടിത്തറ പരിശോധിക്കുന്നു. 

2.റവല്യൂഷണറി വുമൺ ടൂർ
വിപ്ലവത്തിന് പിന്നിൽ നിന്ന സ്ത്രീകളെ-കുടുംബങ്ങൾ നയിച്ചവരെ, പ്രതിരോധം സംഘടിപ്പിച്ചവരെ, രഹസ്യവിവരങ്ങൾ കൈമാറിയവരെ, രാഷ്ട്രീയചിന്ത രൂപപ്പെടുത്തിയവരെ-ആദരിക്കുന്ന പുതിയ യാത്രാപദ്ധതിയാണിത്. മോണ്ടിസെല്ലോയും കോളനിയൽ വില്യംസ്ബർഗും ഉൾപ്പെടുന്ന ഈ യാത്ര മറഞ്ഞുപോയ സ്ത്രീശക്തിയ്ക്കു മുന്നിലുള്ള പ്രണാമമാണ്.

 

placeholder
വിർജീനിയ വാർ മെമ്മോറിയൽ

പ്രത്യേക പ്രദർശനങ്ങൾ

1.വിർജീനിയയും രാഷ്ട്രരൂപീകരണവും (2027 ജനുവരി വരെ)
റിച്ച്മണ്ടിലെ വിർജീനിയ മ്യൂസിയം ഓഫ് ഹിസ്റ്ററി ആൻഡ് കൾച്ചറിൽ ആരംഭിച്ച 5,000 ചതുരശ്ര അടി വിസ്തൃതിയുള്ള ഈ പ്രദർശനം അമേരിക്കയുടെ രൂപീകരണത്തിലെ വിർജീനിയയുടെ നിർണായക പങ്ക് ആഘോഷിക്കുന്നു. 2026 ജൂലൈ മുതൽ പ്രദർശനം യോർക്ടൗൺയിലെ അമേരിക്കൻ റവല്യൂഷൻ മ്യൂസിയത്തിലേക്ക് മാറും. 2027 ആരംഭം വരെ പ്രദർശനം തുടരും. പാട്രിക് ഹെന്റിയുടെ പേപ്പർ-കട്ടർ, വിർജീനിയയുടെ ഡിക്ലറേഷൻ ഓഫ് റൈറ്റ്‌സ്, ലോർഡ് ഡൺമോർ പ്രഖ്യാപനം, സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ അപൂർവ പകർപ്പ് എന്നിവ അടങ്ങിയ അഞ്ച് ഗാലറികൾ പ്രദർശനത്തിനെ സമ്പുഷ്ടമാക്കുന്നു.

2.സൈനികരും വിപ്ലവപോരാട്ടവും (2025 ജൂൺ – 2027 ജൂൺ)
നാഷണൽ മ്യൂസിയം ഓഫ് ദ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ആർമിയിലാണ് 5,000 ചതുരശ്ര അടി വിസ്തൃതിയുള്ള ഈ പ്രദർശനം. ജോർജ് വാഷിംഗ്ടണിന്റെ പിസ്റ്റളുകൾ മുതൽ ഫസ്റ്റ് റോഡ് ഐലൻഡ് റെജിമെന്റിന്റെ പതാകയും ലോയലിസ്റ്റ് യൂണിഫോമും ഉൾപ്പെടെ ഏകദേശം 300 അപൂർവ വസ്തുക്കളാണ് പ്രദർശിപ്പിക്കുന്നത്.

വീട്ടിലിരുന്നുമാകാം സഞ്ചാരം
അമേരിക്കൻ വിപ്ലവത്തിന്റെ ഉത്ഭവവും സ്വാധീനവും പരിശോധിക്കുന്ന, ”Revolution Revisited’ എന്ന പോഡ്കാസ്റ്റിലൂടെ ചരിത്രകാരന്മാരുടെയും എഴുത്തുകാരുടെയും വിദഗ്ധരുടെയും സംഭാഷണങ്ങൾ കേൾക്കാം. വിർജീനിയയിലെ പ്രധാന ചരിത്രസ്ഥലങ്ങൾ 360-ഡിഗ്രി കാഴ്ചകളോടെയും ഇന്ററാക്ടീവ് സവിശേഷതകളോടെയും വെർച്വൽ ടൂർ വഴി അനുഭവിക്കാം. 

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi