ദുബായ്, ഒരിക്കലും എന്റെ യാത്രാലിസ്റ്റിൽ ഉൾപ്പെട്ട സ്ഥലമല്ലായിരുന്നു. അമ്പരചുമ്പികളായ സമുച്ചയങ്ങളോട് വലിയ പ്രതിപത്തി പണ്ടുമുതൽക്കെ ഇല്ലാത്തതുകൊണ്ടും ദുബായ് സാമാന്യം പോക്കറ്റ് കീറുന്ന നഗരമായതുകൊണ്ടുമാവാം. പക്ഷെ, അമ്മ കുറച്ചു നാളായി ദുബായ് കാണണം എന്ന മോഹം പറയുന്നു. “ഇനിയെത്ര കാലമാ എനിക്ക് മര്യാദയ്ക്ക് നടക്കാൻ പറ്റുന്നതെന്നറിയില്ല. വല്ലോടത്തും വീഴുന്നതിനു മുൻപ് എനിക്കൊന്ന് ദുബായ് കാണണം.” ഈ ഡയലോഗ് കൂടി കേട്ടപ്പോൾ, എങ്കിൽ പിന്നെ പൊയ്ക്കളയാം എന്ന തീരുമാനത്തിൽ പുറപ്പെട്ടതാണ്! യാത്ര, നോമ്പുമാസം തുടങ്ങി പിറ്റേദിവസമാണ്. “ദുബായിയിൽ പകൽ ഭക്ഷണം കിട്ടാൻ അത്ര പ്രയാസമൊന്നുമില്ല. ധൈര്യമായി ഇങ്ങുപോരെ”, ദുബായിൽ സ്ഥിര താമസമാക്കിയ രാഖിച്ചേച്ചിയുടെ ഉറപ്പിൽ ബാക്കിയൊന്നും നോക്കിയില്ല.

To advertise here,

ഉച്ചയോടെ ഞങ്ങൾ അമ്മയുടെ സ്വപ്നനഗരിയിൽ ലാൻഡ് ചെയ്തു. ഫ്‌ളൈറ്റ് ഇറങ്ങി ഇമിഗ്രേഷനും മറ്റും കഴിഞ്ഞപ്പോഴേക്കും സമയം രണ്ടുമണി കഴിഞ്ഞു. പുറത്ത് രാഖിച്ചേച്ചി കാത്തുനിൽപ്പുണ്ട്. ‘വിശക്കുന്നു’ എന്ന പല്ലവിയോടെയാണ് ഞാൻ കാറിൽ കയറിയതുതന്നെ. വണ്ടി വല്ലവിധേനെയും ഒരു മാളിൽ നിർത്തിയ ശേഷം ഞങ്ങൾ മൂന്നാളും അതിനകത്തേക്ക് കയറി. ഫുഡ് കോർട്ട് എവിടെ എന്ന് ആർക്കും പിടിയില്ല. താഴത്തെ നിലയുടെ ഒത്തനടുക്ക് മൂന്നു സുന്ദരികൾ നിൽപ്പുണ്ട്. കൂട്ടത്തിൽ അപ്‌സരസ്സിനെപ്പോലെ ഒരു പെണ്ണ്. നീളത്തിലുള്ള ചെമ്പൻ മുടി! മുന്നിൽ നെറ്റിക്ക് മുകളിലായി കുറച്ചു മുടി അലസമായി പാറുന്നുണ്ട്. ഇടതൂർന്ന കൺപീലികൾ. ലേശം ഫില്ലറുകൾ കയറ്റിയ, തക്കാളിപ്പഴം പോലെയുള്ള ചുണ്ടുകൾ. “ഫുഡ് കോർട്ട് എവിടെയാണ്?” രാഖിച്ചേച്ചി അവളോട് ഭവ്യമായി ചോദിച്ചു. മുകളിലേക്ക് കണ്ണുരുട്ടി കൂടെയുള്ള സുന്ദരികളോട് എന്തൊക്കെയോ പറഞ്ഞ്, അവൾ വഴിപറഞ്ഞുതന്നു. അതുപ്രകാരം ഞങ്ങൾ ഇടത്തേക്കും വലത്തേക്കുമൊക്കെ കറങ്ങിത്തിരിഞ്ഞെങ്കിലും ഫുഡ് കോർട്ടിന്റെ പൊടിപോലുമില്ല. അണ്ഡകടാഹം പോലെ കിടക്കുന്ന മാളിൽ കറങ്ങിത്തിരിഞ്ഞ് ഞങ്ങൾ ആ പെൺപിള്ളേരുടെ അടുത്തുതന്നെ തിരിച്ചെത്തി. പിന്നീട് അവരുടെ തൊട്ടടുത്ത കൗണ്ടറിലെ ഒരു പെൺകുട്ടിയോട് വഴി ചോദിച്ചു. അവൾ വഴി പറഞ്ഞുതന്നശേഷം ഒരു ഡയലോഗ് കൂടെ ചേർത്തു, ‘I am fasting.’ അപ്പോഴാണ് രാഖിച്ചേച്ചിയുടെ ബൾബ് കത്തിയത്! “എടി അവർ നോമ്പെടുക്കുകയല്ലേ. ഫുഡ് കോർട്ട് എവിടെയാണെന്ന് ചോദിച്ചതിന് ഒരു പണി തന്നതാവും.” എനിക്ക് വല്ലാത്ത ദേഷ്യം തോന്നി. ശരിയാണ്, നോമ്പെടുക്കുന്നവരോട് ഭക്ഷണം എവിടെ കിട്ടും എന്ന് ചോദിച്ചത് ഞങ്ങളുടെ അറിവില്ലായ്മയാണ്. അവർ ദേഷ്യപ്പെട്ടിരുന്നെങ്കിൽ പോലും കുഴപ്പമില്ല. പക്ഷെ പ്രായമായ എന്റെ അമ്മയെ ഇത്രയും നടത്തിയിട്ട് എന്തു നേടി? എന്റെ രക്തം തിളച്ചു. “നീ ചോദിയ്ക്കാനൊന്നും നിൽക്കണ്ട. ഇവിടെ ചിലരൊക്കെ ഇങ്ങനെയാണ്. ഉച്ച കഴിയുമ്പോഴേക്കും അവർക്കിച്ചിരി ബുദ്ധിമുട്ടാണ്.” നമ്മുടെ നാട്ടിലെ നോമ്പും നോമ്പുതുറയുമെല്ലാം ഞാൻ മനസ്സുകൊണ്ട് സ്മരിച്ചു. ഞാൻ ഒന്നും മിണ്ടിയില്ല. ഫുഡ് കോർട്ടും കണ്ടുപിടിച്ച് ഭക്ഷണവും കഴിച്ച് നേരെ ഹോട്ടലിൽ പോയി. 

മുറിയിൽ കയറി അല്പം വിശ്രമിയ്ക്കാൻ കിടന്ന ഞാൻ എഴുന്നേറ്റത് പ്രകമ്പനം കൊള്ളുന്ന ശബ്ദം കേട്ടുകൊണ്ടാണ്. ഇവിടെ നോമ്പു തുറക്കുമ്പോൾ പലയിടങ്ങളിലും പീരങ്കി മുഴക്കും. താഴേക്കിറങ്ങിയപ്പോൾ ഹോട്ടലിലെ അതിഥികളും ജീവനക്കാരുമെല്ലാം നോമ്പുതുറക്കുന്ന തിരക്കിലാണ്. ഈ ചൂടത്ത് നിഷ്ഠയോടെ നോമ്പെടുക്കുന്നവരോട് അതിയായ ബഹുമാനം തോന്നി. അൽപനേരം ഹോട്ടൽ ലോബിയിൽ അവരോടൊപ്പം ഈത്തപ്പഴവും മറ്റും കഴിച്ച ശേഷം അത്താഴത്തിനു പുറത്തിറങ്ങി. അത്താഴം കഴിക്കാനുള്ള സ്ഥലം മുൻപേ മനസ്സിൽ കണക്കുകൂട്ടിയിരുന്നു- അൽ ഉസ്താദ് കബാബ്. മുഹമ്മദലി അൻസാരി എന്ന ഇറാൻകാരൻ 1978-ൽ തുടങ്ങിയതാണ് ഈ കട. ഇവിടുത്തെ കബാബുകളുടെ ആരാധകനാണ് ഹംദാൻ രാജകുമാരൻ. അകത്തേക്ക് കയറിയതും കണ്ണുകൾ ഉടക്കിയത് അവിടെ നാലുപാടും കണ്ട ഫോട്ടോകളിലാണ്. ഷാരൂഖ് ഖാനും സൽമാൻ ഖയാനുമൊക്കെ ചുമരിൽ ഇടംപിടിച്ചിരിക്കുന്നു. അവിടെ വരുന്ന കസ്റ്റമറുടെ ഫോട്ടോ എടുക്കുന്ന പതിവ് മുഹമ്മദലിക്ക് ഉണ്ടായിരുന്നു. പ്രശസ്തരും സാധാരണക്കാരുമായ ധാരാളം മനുഷ്യരുടെ ഫോട്ടോകൾകൊണ്ട് സമൃദ്ധമാണ് അവിടുത്തെ ചുമരുകൾ.

ഭക്ഷണം വന്നു. രണ്ടു പേർക്ക് കഴിക്കാൻ പാകത്തിനുള്ള മിക്‌സഡ് കബാബ് പ്ലാറ്റർ ആണ് വാങ്ങിയത്. വയറും മനസ്സും നിറയുന്ന ഭക്ഷണം. ഇനിയൊരു കാപ്പിയും കൂടെ കുടിച്ചാൽ കുശാൽ! കബാബ് കടയ്ക്ക് നേരെ എതിർവശത്ത് ഒരു ചെറിയ കാപ്പിക്കട കണ്ടു. ‘മെഷീൻ കാപ്പിയാണല്ലോ’, അല്പം വിഷമത്തിൽ അമ്മ പറഞ്ഞു. എങ്കിലും കാപ്പി കുടിക്കണമെന്ന മോഹം കലശലായതുകൊണ്ടും അധികം നടക്കാനുള്ള ത്രാണി അമ്മയ്ക്കില്ലാത്തതുകൊണ്ടും മെഷീൻ കാപ്പി തന്നെ മതിയെന്ന് അമ്മ തീരുമാനിച്ചു. ഞങ്ങൾ തിരക്കുള്ള റോഡ് മുറിച്ച് കടക്കാൻ തയ്യാറെടുത്തു. അമ്മയും ഞാനും സീബ്രാക്രോസ്സിന്റെ അടുത്തെത്തിയതും വണ്ടികൾ നിന്നു. വായുംപൊളിച്ചു നിന്ന ഞങ്ങൾ റോഡ് മുറിച്ചുകടന്നു. കാപ്പിക്കടയുടെ മുന്നിൽ ഇരുന്നുകൊണ്ട് അമ്മ പറഞ്ഞു; ‘എത്ര നല്ല മനുഷ്യർ അല്ലെ! നമ്മളെ കണ്ട ഉടനെ വണ്ടി നിർത്തിത്തന്നു. ഇതൊക്കെയാണ് സിവിക് സെൻസ്!’ അശരീരി പോലെ പിന്നിൽ നിന്നൊരു ശബ്ദം- “അയ്യോ ഇത് മറ്റൊന്നുമല്ല. ഇവിടെ നിർത്തിയില്ലേൽ നല്ല ഫൈൻ വീഴും.” ഞാൻ ഒന്ന് തിരിഞ്ഞുനോക്കി. കടക്കാരൻ മലയാളിയാണ്. പേര് സുബൈർ. കോഴിക്കോട്ടുകാരൻ. കഴിഞ്ഞ പതിനേഴു വർഷമായി ദുബായിലാണ് താമസം. ‘ഇവിടെ പട്ടിണി കിടക്കണമെങ്കിൽപോലും കാശ് വേണം. ടാക്‌സ് ഒന്നുമില്ല. പക്ഷെ നാം സമ്പാദിക്കുന്നതിൽ മുക്കാലും ഇവിടെത്തന്നെ തീർക്കാനുള്ള സൗകര്യം സർക്കാർ ചെയ്തുതന്നിട്ടുണ്ട്.” സുബൈറിക്ക ചിരിച്ചുകൊണ്ട് പറഞ്ഞു. “പക്ഷെ എന്തൊക്കെ പറഞ്ഞാലും ഈ നാട് വിട്ട് എനിക്കൊരു കളിയില്ല. ഒന്നുമില്ലാത്ത കാലത്ത് വന്നതാണിവിടെ. പണിയെടുക്കാനുള്ളൊരു മനസ്സുണ്ടോ! ദുബായ് നിങ്ങളെയും കുടുംബത്തെയും പട്ടിണിക്കിടില്ല”. “എന്നാലും നോമ്പുസമയത്ത് വീടും നാടുമൊക്കെ മിസ്സ് ചെയ്യില്ലേ ഇക്കാ?” ഞാൻ ചോദിച്ചു. “നിങ്ങൾ കരാമയിലെ നോമ്പുതുറ കണ്ടിട്ടുണ്ടോ? നാട്ടിലുള്ളതിനേക്കാളും ഓളമാണ് ഇവിടുത്തെ നോമ്പുതുറയ്ക്ക്. കരാമ ഭാഗത്താണ് മലയാളികൾ കൂടുതലും. ഞാൻ ദുബായിൽ വന്ന കാലത്ത് അവിടെ മലയാളികൾ മാത്രേയുള്ളൂ. ഇപ്പോൾ ഫിലിപ്പീനികളും മറ്റു രാജ്യക്കാരുമൊക്കെയുണ്ട്. രാത്രി ഒരു പത്തുമണി കഴിഞ്ഞാൽ അങ്ങോട്ടേക്ക് അടുക്കാൻ പറ്റില്ല. അത്രക്ക് തിരക്കാണ്.” സുബൈറിക്ക പറഞ്ഞു.

കാപ്പി കുടിച്ച് ഒരു കാറുമെടുത്ത് നേരെ കരാമയിലേക്ക് വിട്ടു. സുബൈറിക്ക പറഞ്ഞതുപോലെ ഒരു മിനി കേരളം! വുഡ്‌ലാൻഡ്‌സ്, പാരഗൺ, ടോപ്‌ഫോം… കേരളത്തിലെ എല്ലാ ഹോട്ടലുകളും അവിടുണ്ട്. വെറുതെ നടന്നതിനിടയിൽ ഗംഭീര ആൾക്കൂട്ടം ശ്രദ്ധയിൽപെട്ടു! മൈക്കിൽ ഒരു ചെറുപ്പക്കാരൻ പാട്ടുപാടുന്നു. മാറ്റൊരിടത്ത് ‘അടിക്കെടാ… അടിക്കെടാ’ എന്ന് ആളുകൾ ആവേശത്തോടെ വിളിച്ചുപറയുന്നു. “വല്ല തല്ലും നടക്കുവാണോ അവിടെ?” ഞാൻ അടുത്ത് നിന്ന ചെറുപ്പക്കാരനോട് ചോദിച്ചു. ”അവിടെവരെ ഒന്നുപോയി നോക്ക്.” മൂപ്പര് ചിരിച്ചുകൊണ്ട് പറഞ്ഞു. ഞാൻ അങ്ങോട്ടേക്ക് ചെന്നു. ചുറ്റും മനുഷ്യർ. നടുവിൽ ഒരു പയ്യൻ ഒരു തുണി കിഴികെട്ടി കല്ലിൽ ആഞ്ഞടിക്കുന്നുണ്ട്. അല്പം കഴിഞ്ഞ് കിഴി മെല്ലെ തുറന്നു. അതിനകത്തു നിറയെ ഉപ്പും മുളകും തിരുമ്മിയ മാങ്ങ. കിഴി തുറന്ന് അവൻ വെളിച്ചെണ്ണ മാങ്ങയിലേക്ക് തൂകി നല്ലതുപോലെ കുഴച്ചെടുത്തു. ചുറ്റോടുചുറ്റുമുള്ളവർ ഓരോരുത്തരായി പോയി മാങ്ങ വാങ്ങി. കുറച്ചു മാറി ഉപ്പിലിട്ടത്തിന്റെ കമനീയശേഖരം ആണ് മുന്നിൽ കണ്ടത്. അതിനടുത്തായി തിക്കിത്തിരക്കി ആളുകളും. “ചേട്ടാ ഒരു പൊടി, ചേട്ടാ മൂന്ന്…” എന്താണീ പൊടി? ഒരെത്തും പിടിയും കിട്ടുന്നില്ല. അൽപനേരം നോക്കി നിന്നപ്പോൾ കൂട്ടത്തിൽ ഒരുവൻ ഒരു ചെറിയ മൺഗ്ലാസ്സിൽ ഒരു പാനീയവും കൊണ്ട് വന്നു. ”ഇതാണോ പൊടി? എന്താണിത്?” ‍ഞാൻ ചോദിച്ചു. “ഒരു പിടിയുമില്ല. ഞാനും ആദ്യമായാണ് വാങ്ങുന്നത്. എല്ലാ വർഷവും നോമ്പ് സമയത്ത് ഇതുപോലെ എന്തെങ്കിലുമൊക്കെ ഭക്ഷണങ്ങൾ വൈറൽ ആകും. ഇത്തവണയത് പൊടിയാണ്.” അയാൾ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു. ഞാനും കൂട്ടത്തിൽ കയറി നിന്നൊരു പൊടി വാങ്ങി. കൊക്കോ കലക്കിയതാണ് സാധനം. കുടിക്കുമ്പോഴേല്ലാം മൂക്കിലും വായിലുമൊക്കെ പിശുക്കില്ലാതെ വിതറിയ കൊക്കോപ്പൊടി കയറിയിരിക്കും. സംഗതി ഉസാർ! പൊടിയും കുടിച്ച്, ഉപ്പിലിട്ടതും കഴിച്ച ശേഷം ഞങ്ങൾ കരാമയുടെ തിരക്കുകളിലൂടെ നടന്നു. വീടും നാടുമൊക്കെ ഉപേക്ഷിച്ച് സ്വപ്നങ്ങളുംപേറി എത്ര മലയാളികൾ ഇവിടെ വന്നു, നിന്നു, പോയി! പുറമെ നിന്ന് നോക്കുന്ന നമുക്കാർക്കും മനസിലാക്കാത്തൊരു സ്‌നേഹവും കൂറും ഇവിടെ ജീവിക്കുന്ന മനുഷ്യർക്ക് ദുബായ് എന്ന നഗരത്തിനോടുണ്ട്. ഈ കൂറ് ഒരൊറ്റ ദിവസം കൊണ്ടുണ്ടായതല്ല. രാഷ്ട്രീയത്തിനും മതത്തിനും തൊലിയുടെ നിറത്തിനുമെല്ലാം അപ്പുറം അധ്വാനിക്കുന്നവനെ വീഴാതെ കൈപിടിച്ച് നിർത്തിയ ഒരു ഭരണസംവിധാനത്തിനോടുള്ള മതിപ്പാണ്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi