Your cart is currently empty!
സംഗീതംകൊണ്ട് മഴ പെയ്യിച്ച, സംഗീത സാമ്രാട്ട് താൻസെൻ അന്ത്യവിശ്രമം കൊള്ളുന്ന ഗ്വാളിയർ

‘ആറാം തമ്പുരാൻ’ സിനിമയിലെ ഒരു ഹിറ്റ് ഡയലോഗുണ്ട്;
“ഗ്വാളിയർ! ഘരാനാ മാജിക് പീകോക്കിനെക്കുറിച്ചറിയാൻ ചെന്നുപെട്ടത് ഒരു സിംഹത്തിന്റെ മടയിൽ! ഉസ്താദ് ബാദുഷ ഖാൻ!”
ഈ ഡയലോഗ് മനഃപാഠമാക്കിയ കാലത്ത് ഗ്വാളിയർ എവിടെയാണെന്നോ ഗ്വാളിയറിന്റെ പ്രത്യേകതകൾ എന്തെന്നോ ഒന്നുമറിയില്ല. ഒരൊറ്റ കാര്യം മാത്രം അറിയാം- ഗ്വാളിയറിൽ എന്നെങ്കിലും ഒരുനാൾ എത്തിപ്പെടണം. പിന്നീട് വളർന്നപ്പോൾ പറഞ്ഞും കേട്ടുമൊക്കെ അറിയാൻ സാധിച്ചു, സംഗീതംകൊണ്ട് മഴ പെയ്യിച്ച സാക്ഷാൽ താൻസെൻ അന്ത്യവിശ്രമം കൊള്ളുന്നത് ഗ്വാളിയറിലാണ്.
ഇനി ‘ആറാം തമ്പുരാനിൽ’ പറയുന്ന ‘ഘരാന’ എന്താണ്? നമ്മുടെ കഥകളിക്കും മറ്റും വിവിധ ശൈലികൾ ഉള്ളതുപോലെ ഓരോ സ്ഥലത്തിനനുസരിച്ച് ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ചിട്ടകൾക്കും ചില വ്യതിയാനങ്ങൾ സംഭവിച്ചിട്ടുണ്ട്. അവയെ ആ പ്രദേശത്തെ ഗുരുക്കന്മാർ വാമൊഴിയിലൂടെ ശിഷ്യർക്ക് പകർന്നുകൊടുക്കുകയാണ് പതിവ്. ഈ പ്രാദേശികമായ ശൈലികളെയാണ് ‘ഘരാനകൾ’ എന്നു വിളിക്കുന്നത്. ഇൻഡോർ ഘരാന, ജയ്പൂർ ഘരാന, കിരാനാ ഘരാന തുടങ്ങി പലതരം ഘരാനകളുണ്ട്. ഇവയിൽ ഏറ്റവും പുരാതനമായ ഘരാനകളിൽ ഒന്നാണ് ഗ്വാളിയർ ഘരാന. ഇന്ത്യയുടെ ജിബ്രാൽത്താർ എന്നറിയപ്പെടുന്ന ഗ്വാളിയർ കോട്ട നേരിട്ട് കാണണം എന്ന മോഹം കൂടി കലശലായപ്പോൾ പിന്നെ ഒന്നും നോക്കിയില്ല. ടിക്കറ്റ് ബുക്ക് ചെയ്തു, പുറപ്പെട്ടു.
മറ്റു പല വടക്കേന്ത്യൻ നഗരങ്ങളെ അപേക്ഷിച്ച് ഗ്വാളിയർ അല്പം മന്ദഗതിയിൽ ചലിക്കുന്ന നഗരമാണ്. ഗ്വാളിയറിനു ലോകത്തിനു മുന്നിൽ ഒന്നും തെളിയിക്കാനില്ല. തന്റെ മണ്ണിൽ ഉറങ്ങിക്കിടക്കുന്ന ചരിത്രം തനിക്കു വേണ്ടി സംസാരിച്ചോളും എന്ന മട്ടാണ് ഈ നഗരത്തിന്. ഗ്വാളിയറിലെത്തി ആദ്യത്തെ ഉദ്യമം പ്രാതൽ തന്നെയായിരുന്നു. “ഗ്വാളിയറിൽ പ്രാതലിന് അത്യുത്തമം എന്താണ് ഭയ്യാ?” ഓട്ടോചേട്ടനോട് ഞാൻ ചോദിച്ചു. ”ബേദായി ആണ് ഇവിടെ ഏറ്റവും പ്രശസ്തം. ഇൻഡോറിലെ പോലെ തന്നെ ഇവിടെ എല്ലായിടത്തും പോഹയും (അവൽ കൊണ്ടുണ്ടാക്കുന്ന ഒരു പ്രാതൽ) കിട്ടും.” അഞ്ചു ദിവസങ്ങളായി ഇൻഡോറിൽ പല രൂപത്തിലും ഭാവത്തിലും പോഹ കഴിച്ച എനിക്ക് ഇനി ഒരു ദിവസം കൂടി പോഹ കഴിക്കുന്നത് ചിന്തിക്കാവുന്നതിലും അപ്പുറമായിരുന്നു.
”പോഹ വേണ്ട. ഈ ബേദായി എന്താണ് സംഗതി?” ഞാൻ ആരാഞ്ഞു.
”പൂരി പോലെ ഇരിക്കും. അകത്തു മൂങ് ദാൽ അരച്ച് ചേർത്തിരിക്കും. കിഴങ്ങുകറിയും ചൂടു ബേദായിയുമാണ് എന്റെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണം.”
“എങ്കിൽ എനിക്കും അതുമതി. നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ബേദായി കടയിൽ എന്നെ ഇറക്കിവിട്ടാൽ മതി.”
ഓട്ടോ ചെന്നെത്തിയത് ഒരു കുഞ്ഞു കടയുടെ മുന്നിലാണ്. നിറയെ ആളുകളുണ്ട്. തേക്കിന്റെ ഇല കൊണ്ടുണ്ടാക്കിയ ചെറിയ പ്ലേറ്റുകളിൽ ആളുകൾ നല്ല ചൂടു ബേദായി കഴിക്കുന്നു. ഒരാൾ ഒരറ്റത്തിരുന്നു പരത്തുന്നു. മറ്റൊരാൾ ചൂടെണ്ണയിൽ ബേദായി വറുത്തുകോരുന്നു. കഴിക്കുന്നോ എന്നു ചോദിച്ചപ്പോൾ കഴിച്ചിട്ടാണ് താൻ ഇറങ്ങിയതെന്ന് ഓട്ടോച്ചേട്ടൻ മറുപടി പറഞ്ഞതുകൊണ്ട് കാശും കൊടുത്ത് പറഞ്ഞുവിട്ടു. ശേഷം തിങ്ങിക്കൂടി നിന്ന മനുഷ്യരുടെ കൂടെ ഞാനും കൂടി. ഒരഞ്ചു മിനിറ്റ് കാത്തപ്പോൾ എന്റെ കൈയ്യിലും നല്ല ചൂട് ബേദായി വന്നു. നല്ല എരിവുള്ള കിഴങ്ങുകറിയിൽ കുതിർന്ന ബേദായി. ആദ്യത്തെ വാ കഴിച്ചപ്പോൾ തന്നെ മനസ്സിലായി. ആഗ്രയിലൊക്കെ കിട്ടുന്ന ബേദ്മി പൂരിയും ഈ ബേദായിയും ഏകദേശം ഒരമ്മ പെറ്റത് തന്നെ! ചുറ്റുമുള്ളവരുടെ പ്ലേറ്റിൽ കണ്ണോടിച്ചപ്പോൾ എനിക്കില്ലാത്തതായ ഒരു ഐറ്റം അവരുടെ എല്ലാവരുടെയും കൈയ്യിൽ ഉണ്ട്- ഇമാർത്തി. നമ്മുടെ നാട്ടിൽ ജിലേബി എന്നു വിളിച്ചു പോരുന്ന ഓറഞ്ച് നിറത്തിലെ സംഗതി വടക്കോട്ട് ഇമാർത്തിയാണ്. പുളിയുള്ള നേർത്ത മധുരത്തിനെ മാത്രമാണ് അവർ ജിലേബി എന്ന് വിളിക്കുന്നത്.

അവർക്ക് ഇമാർത്തി എങ്ങനെ കിട്ടി? അധികം പരതേണ്ടി വന്നില്ല. കടയുടെ മറ്റൊരു ഓരത്ത് തകൃതിയായി ഇമാർത്തി വറുത്തു കോരുന്നുണ്ട്. ഒട്ടും അമാന്തിച്ചില്ല, രണ്ട് ഇമാർത്തിയും വാങ്ങി. ഇപ്പോഴാണ് എല്ലാം തികഞ്ഞത്. നല്ല ചൂട് ബേദ്മിയും കിഴങ്ങുകറിയും ഒരു വാ കഴിച്ചിട്ട് മൊരിഞ്ഞ ഇമാർത്തി ഒന്ന് കടിക്കണം! ആഹാ! മധുരവും എരിവും എല്ലാം ചേർന്ന നല്ല രസികൻ പ്രാതൽ.
പ്രാതൽ കഴിഞ്ഞ സ്ഥിതിക്ക് ഇനി നേരെ ഗ്വാളിയർ കോട്ട കാണാൻ പുറപ്പെടാം. ഗോപാചൽ കുന്നിൽ നെടുനീളത്തിൽ സ്ഥിതി ചെയ്യുന്ന ഗ്വാളിയർ കോട്ട അഞ്ചാം നൂറ്റാണ്ടിൽ നിർമിച്ചതാണെന്നാണ് കണക്കാക്കപ്പെടുന്നത്. ഡൽഹി സുൽത്താന്മാരും മുഗളന്മാരും ജട്ടുകളും മുതൽ ഈസ്റ്റ് ഇന്ത്യ കമ്പനിവരെ ഈ കോട്ട കയ്യടക്കിയിട്ടുണ്ട്. ആദ്യനോട്ടത്തിൽ തന്നെ ഗ്വാളിയർ കോട്ട എനിക്ക് ബോധിച്ചു. മറ്റു കോട്ടകളിൽ നിന്ന് വ്യത്യസ്തമായി, നീല നിറത്തിലെ ചുമരോടുകൾ (wall tiles) പതിപ്പിച്ച കോട്ട പുറമെ നിന്ന് നോക്കുമ്പോൾ, പേർഷ്യൻ കെട്ടിടങ്ങളുമായി സാമ്യം തോന്നിക്കും. ഗോപാൽചൽ കുന്നിൽ ഉരുകിച്ചേർന്ന പോലെയാണ് കോട്ടയുടെ നിൽപ്പ്. പല സ്ഥലങ്ങളിലും കുന്ന് തന്നെ കോട്ടയുടെ ഭിത്തിയാകുന്നുണ്ട്.
കോട്ടയുടെ അകത്തേക്ക് കയറുന്നതിനു മുൻപ് മറ്റൊരു സ്ഥലം കണ്ടു പിടിക്കാനുണ്ട്. കോട്ടയിൽ താഴെ അരക്കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന ‘ചതുർഭുജ്’ ക്ഷേത്രം. 875-ാം ആണ്ടിൽ നിർമിച്ച ഈ ക്ഷേത്രത്തിലാണ് ആദ്യമായി പൂജ്യം കൊത്തിവെക്കപ്പെട്ടത്. കോട്ടയിൽ നല്ല തിരക്കുള്ളതുകൊണ്ട് ക്ഷേത്രത്തിലും നല്ല തിരക്ക് പ്രതീക്ഷിച്ചു പോയ ഞാൻ അവിടെ ആകെ കണ്ടത് പ്രായമായ രണ്ട് വിദേശസഞ്ചാരികളെ മാത്രമാണ്. തീരെ ചെറിയൊരു ക്ഷേത്രം. പ്രധാന പ്രതിഷ്ഠയുടെ മുഖം വികലമാക്കപ്പെട്ട നിലയിലാണ്. പ്രധാനപ്രതിഷ്ഠയുടെ അരികിലുള്ള ചുമരിലാണ് ചരിത്രം പേറുന്ന ആ ഫലകം. ഇത്രയധികം അപൂർവമായ ഒരു സ്മാരകം കാണാൻ എന്താ ആരും വരാത്തത് എന്ന് എത്ര ചിന്തിച്ചിട്ടും പിടി കിട്ടുന്നില്ല. കുറച്ചു നേരം അവിടെ നിന്ന് കറങ്ങിത്തിരിഞ്ഞ് കോട്ടയിലേക്ക് പുറപ്പെട്ടു. കുത്തനെയുള്ള കയറ്റമാണ്. ഏകദേശം കോട്ടയുടെ അടുത്ത് എത്താറായപ്പോൾ രണ്ടു ചെറുപ്പക്കാർ ചോദിച്ചു; “നിങ്ങൾ ക്ഷേത്രം കണ്ടോ? ഇത്രയും നടന്നു പോയി കാണാനും മാത്രമുണ്ടോ?” ഞാൻ ഒന്ന് ചിരിക്കുക മാത്രം ചെയ്തു. ചുമ്മാതല്ല അവിടെ ആളില്ലാഞ്ഞത്! ഈ കയറ്റവും ഇറക്കവും നടന്നു കാണാൻ മനുഷ്യർക്ക് മടി! നമ്മുടെ നാട്ടിലാണ് ഈ ചോദ്യം ഏറ്റവും കൂടുതൽ ഞാൻ കേട്ടിരിക്കുന്നത്! കണ്ടിട്ട് മടങ്ങിവരുന്നവരോട് അങ്ങോട്ടേക്ക് പോകാൻ നിൽക്കുന്ന ഒരാളെങ്കിലും ചോദിച്ചിരിക്കും- “എങ്ങനുണ്ട്? ഇത്രയും നടന്നു പോകാൻ മാത്രമുണ്ടോ?”
ഗ്വാളിയർ കോട്ടയിൽ പ്രധാനമായും ആറ് കൊട്ടാരങ്ങളാണുള്ളത്. ഇതിൽ ഏറ്റവും പ്രശസ്തം മൻ മന്ദിർ കൊട്ടാരമാണ്. കൊട്ടാരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ആകർഷണം ‘ഭൂൽ ഭുലയ്യ’ എന്ന ഭാഗമാണ്. ഭൂൽ ഭുലയ്യ എന്ന വാക്കിനർത്ഥം കൺകെട്ട് എന്നാണ്. ശത്രുക്കൾ വളഞ്ഞാൽ രക്ഷ നേടാനായി രാജാവിനു മാത്രം അറിയുന്ന ഒരു രഹസ്യ വഴി. പുറമെ നിന്ന് ആരു വന്നാലും കണ്ണു കെട്ടിയ പോലെ വഴിതെറ്റണം. ഈ ഉദ്ദേശത്തിലാണ് ഭൂൽ ഭുലയ്യ നിർമിച്ചത്. എന്നാൽ മുഗൾ സാമ്രാജ്യം കയ്യടക്കിയപ്പോൾ കൊട്ടാരത്തിന്റെ ഈ ഭാഗം ഒരു ‘ടോർച്ചർ ചേമ്പർ’ ആയിട്ടാണ് ഉപയോഗിച്ചത്!

വെളിച്ചം തീരെ കടന്നു ചെല്ലാത്ത ഭൂൽ ഭുലയ്യയിൽ തടവുകാരെ ബന്ധിച്ച ശേഷം ഒപ്പിയം അഥവാ കറുപ്പ് കലർന്ന ഭക്ഷണം കൃത്യമായ ഇടവേളകളിൽ കൊടുക്കും. ഇതിങ്ങനെ തുടർന്നു കൊണ്ടേയിരിക്കും, തടവുകാരൻ പരിപൂർണമായി കറുപ്പിനടിമയാകുന്നതുവരെ. പിന്നെ പെട്ടെന്ന് ഇതങ്ങു നിർത്തും. ലഹരിയുമായി താദാത്മ്യം പ്രാപിച്ച ശരീരം ‘withdrawal symptoms’ കാണിച്ചു തുടങ്ങും. ഇരുണ്ട അറകളിൽ സമയമോ കാലമോ അറിയാതെ ഭ്രാന്തു പിടിച്ചു തുടങ്ങിയ തടവുകാരന്റെ മനസ്സ് കറുപ്പ് കിട്ടാതെ വരുമ്പോൾ എങ്ങനെ പിടിച്ചു നിൽക്കണമെന്നറിയാതെ കുഴയും. ഒടുവിൽ മരണത്തിനു കീഴടങ്ങും. ഈ മനുഷ്യത്വരഹിതമായ ശിക്ഷാരീതി നടപ്പിലാക്കാൻ ഏറ്റവും കൂടുതൽ ഉത്സാഹം കാണിച്ചിരുന്നത് ഔറംഗസേബ് ആണ്. മൂപ്പര് സ്വന്തം സഹോദരനായ മുറാദ് ബക്ഷിനെ ഇത്തരത്തിലാണ് കൊന്നത്! നിസ്സാരം! ആ ഇരുണ്ട ഇടനാഴികളിലൂടെ നടക്കുമ്പോൾ മനസ്സിന് വല്ലാത്തൊരു ഭാരമാണ് അനുഭവപ്പെട്ടത്. ആരുടെയൊക്കെയോ ഭ്രാന്തമായ നിലവിളികളും അടക്കം പറച്ചിലുകളും കേൾക്കുന്നതുപോലെ ഒരു തോന്നൽ. അധികനേരം അവിടെ നിൽക്കാതെ ഞാൻ പെട്ടെന്ന് പുറത്തേക്കിറങ്ങി. ഗ്വാളിയർ കോട്ടയ്ക്ക് പുറത്ത് ഒരു വ്യൂ പോയിന്റുണ്ട്. അവിടേക്ക് നേരെ നടന്നു. അവിടെ നിന്ന് നോക്കിയാൽ ഗ്വാളിയർ നഗരം മുഴുവൻ കാണാൻ സാധിക്കുമെന്നാണ് കേട്ടത്. അങ്ങോട്ടേക്ക് പോകുന്നതിനു തൊട്ടു മുൻപ് ഒരു സെക്യൂരിറ്റി എന്നെ തടഞ്ഞു; “മാഡം! പേരും ഫോൺ നമ്പറും ഇവിടെ എഴുതണം!” അയാൾ ഒരു രജിസ്റ്റർ ചൂണ്ടിക്കാട്ടി പറഞ്ഞു.
“ഞാൻ ടിക്കറ്റ് കാണിക്കാം.” “അതു പോരാ! ഇവിടെ പേരെഴുതണം.”
“നിങ്ങൾ മറ്റുള്ളവരോട് ചോദിക്കുന്നില്ലല്ലോ?” ഞാൻ ചോദിച്ചു.
“ഒറ്റയ്ക്ക് വരുന്നവരുടെ പേരും ഫോൺ നമ്പരും മാത്രമേ എഴുതാറുള്ളൂ. ഒരു മാസം മുൻപ് ഇവിടെ ഒരു പെൺകുട്ടി ചാടി മരിച്ചു. ആ കുട്ടി ആരാണെന്ന് കണ്ടുപിടിക്കാൻ സമയമെടുത്തു. അതിനുശേഷം ഒറ്റക്ക് വരുന്നവരുടെ പേരും നമ്പരും വാങ്ങിവെക്കണമെന്നാണ് നിയമം.”
ഞാൻ കൂടുതലൊന്നും ചോദിച്ചില്ല. വിവരങ്ങളെല്ലാം എഴുതിക്കൊടുത്തു. മുന്നോട്ട് നടന്നപ്പോൾ രണ്ട് ആൺകുട്ടികൾ പ്രൊഫഷണൽ ക്യാമറയിൽ വൻ ഷൂട്ടിംഗ് ആണ്. കൗതുകത്തിനു ചോദിച്ചപ്പോൾ രണ്ടാളും കോളേജിൽ വിഷ്വൽ കമ്മ്യൂണിക്കേഷൻ പഠിക്കുകയാണ്. കോഴ്സിന്റെ ഭാഗമായി പ്രൊജക്റ്റ് ചെയ്യാൻ ഗ്വാളിയർ കോട്ടയാണ് തിരഞ്ഞെടുത്തത്. അവരോടല്പം സംസാരിച്ച ശേഷം വ്യൂ പോയിന്റിൽ പോയി അൽപനേരം ഇരുന്നു. ശേഷം അടുത്ത സ്ഥലത്തേക്ക്. സംഗീതസാമ്രാട്ട് താൻസന്റെ കബർ.
സൂഫി സന്യാസിയായ ഷെയ്ഖ് മുഹമ്മദ് ഖോസിന്റെ കബറിനോട് ചേർന്നാണ് താൻസന്റെ കബർ. പ്രധാനകവാടം വഴി പ്രവേശിക്കുമ്പോൾ ആദ്യം കണ്ണിൽ പെടുന്നത് ഷെയ്ഖ് മുഹമ്മദിന്റെ കബറാണ്. ഫത്തെപ്പൂർ സിഖ്റിയിലെ സലിം ചിഷ്തിയുടെ കബറിനോട് സമാനമായ ഒന്ന്. മുഗൾ വാസ്തുകലയുടെ സ്വാധീനം നന്നായി കാണാൻ സാധിക്കും. സുന്ദരമായ ജാലികളും മാർബിൾ കൊത്തുപണികളുമൊക്കെയുണ്ട്. പുറത്ത് ഒരു വായോധികൻ ദിക്ർ ചൊല്ലുന്നതൊഴിച്ചാൽ പരിസരത്തെങ്ങും മറ്റാരുമില്ല. പുറത്തെ ചൂടിന് വിപരീതമായി അകത്തു നല്ല തണുപ്പാണ്. കാറ്റിന് കുന്തിരിക്കത്തിന്റെ മണം. നമ്മുടെ നാട്ടിലെ നിലവിളക്കിന് സമാനമായൊരു വിളക്ക് കബറിന്റെ തലയ്ക്കൽ കത്തുന്നുണ്ട്. വല്ലാത്തൊരു സമാധാനം! ഞാൻ കണ്ണുകളടച്ചു കുറേ നേരം അവിടെയിരുന്നു. പ്രാവുകളുടെ കുറുകലും വായോധികന്റെ പ്രാർഥനകളും മാത്രം. കണ്ണു തുറന്നപ്പോൾ വായോധികൻ എന്നെ നോക്കി ചിരിച്ചു. “എവിടുന്നാണ്?” “കേരള. തെക്കാണ്.” “അറിയാം. ഞാൻ അവിടെ വന്നിട്ടുണ്ട്.” “ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ?”
“മ്”
“ഇദ്ദേഹം ആരായിരുന്നു? അധികമൊന്നും വിവരങ്ങൾ ഞാൻ നോക്കിയിട്ട് കിട്ടിയില്ല.” “പലരും പലതും പറയുന്നു. എങ്കിലും ഖോസ് അഫ്ഗാനിൽ നിന്നുള്ള ഒരു രാജകുമാരനായിരുന്നു എന്നാണ് ചരിത്രം സൂചിപ്പിക്കുന്നത്. ദൈവവിളി കിട്ടിയപ്പോൾ സകലതും ഉപേക്ഷിച്ചു സന്യാസം സ്വീകരിച്ചു. ബാബറും ഹുമയൂണും ഇദ്ദേഹം പറയുന്നതിനപ്പുറം ഒന്നും ചെയ്യില്ലായിരുന്നു.”
“താൻസന്റെ?”
“ഇവിടെ നിന്ന് കുറച്ചു മാറിയിട്ടാണ് കബർ. താൻസന്റെ ആത്മീയ ഗുരുവായിരുന്നു ഖോസ്. അദ്ദേഹത്തിന്റെ കബറിന്റെ അടുത്ത് മതി തന്റെ കബർ എന്ന് താൻസൻ തീരുമാനിക്കുകയായിരുന്നു.”

ഞാൻ മെല്ലെ അവിടെ നിന്ന് എഴുന്നേറ്റു അദ്ദേഹം കൈ ചൂണ്ടിയ ദിശയിലേക്ക് നടന്നു. അധികം അലങ്കാരങ്ങളൊന്നുമില്ലാത്ത ലളിതമായ ഒരു കബർ. ചുമന്ന പട്ട് കബറിന് മേലെ വിരിച്ചിട്ടുണ്ട്. അവിടെ ഹിന്ദുസ്ഥാനി സംഗീതത്തിന്റെ രാജാവ് ശാന്തമായി ഉറങ്ങുകയാണ്. ചുറ്റും അണ്ണാന്മാരെ കാണാം. താൻസൻ ജീവിച്ചിരുന്ന കാലത്ത് എന്നും അണ്ണാൻമാർക്ക് ഭക്ഷണം കൊടുക്കുന്ന പതിവുണ്ടായിരുന്നു. ആ പതിവ് ഇന്നും നിലനിന്നു വരുന്നു. കബറിന് പുറത്തായി ഒരു പുളിമരം ഉണ്ട്. ഏകദേശം നൂറോളം വർഷം പഴക്കമുള്ള ഈ മരത്തിന്റെ ഇലകൾ സംഗീതം പഠിക്കുന്നവർ അവരുടെ തമ്പുരുവിൽ നിക്ഷേപിക്കാറുണ്ട്. താൻസന്റെ സംഗീതം കേട്ടു വളർന്ന പുളിമരത്തിലെ ഇലകൾ ഭാഗ്യസൂചകമായി അവർ കരുതിപ്പോരുന്നു. വളരെ ക്ളീഷേ ആയി തോന്നാം. പക്ഷെ അവിടെ ഇങ്ങനെ ഇരുന്നപ്പോൾ മനസ്സിൽ ഈ ഈണം മാത്രമായിരുന്നു…
“മധുമൊഴി രാധേ നിന്നെ തേടി, അലയുകയാണൊരു മാധവജന്മം.”
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Published: 28 Jan 2026, 05:45 pm IST
ABOUT THE AUTHOR
Related Topics
Read articles on app
Subscribe to our Newsletter
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Leave a Reply
You must be logged in to post a comment.