ജപ്പാനിലെ ക്യോട്ടോയിൽ പ്രശസ്തമായ അരാഷിയാമ മുളങ്കാടുകൾക്ക് സമീപം ഒളിഞ്ഞിരിക്കുന്ന ഒരു വിചിത്രമായ ക്ഷേത്രത്തെക്കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സംസാരം. സാധാരണ ക്ഷേത്രങ്ങളെപ്പോലെ പ്രണയത്തിനോ ഭാഗ്യത്തിനോ ആഗ്രഹ സാഫല്യത്തിനോ വേണ്ടിയല്ല ഇവിടെ പ്രാർത്ഥിക്കുന്നത്, മറിച്ച് മുടിയുടെ സംരക്ഷണത്തിനായാണ്. കൗകുതകരമായി തോന്നുന്നു അല്ലെ.

To advertise here,

മുടിക്കായി ഒരു ക്ഷേത്രം

ഇൻസ്റ്റഗ്രാമിലെ ട്രാവൽ ക്രിയേറ്ററായ ഷെർവിൻ അബ്ദുൾഹമീദിയുടെ വീഡിയോയിലൂടെയാണ് മികാമി ഷ്രൈൻ (Mikami Shrine) ശ്രദ്ധേയമായത്. ജപ്പാനിലെ ഒരുപക്ഷേ ലോകത്തിലെ തന്നെ മുടിവളർച്ചയ്ക്കായി പ്രാർത്ഥിക്കുന്ന ഏക ക്ഷേത്രമാണിത്.

മുടികൊഴിച്ചിൽ മാറ്റാനും, മുടി തഴച്ചു വളരാനും, നല്ല ആരോഗ്യത്തോടെ ഇരിക്കാനും വേണ്ടിയാണ് ആളുകൾ ഇവിടെ എത്തുന്നത്. കൂടാതെ, ഭാവിയിൽ ഹെയർസ്‌റ്റൈലിസ്റ്റുകൾ ആകാൻ ആഗ്രഹിക്കുന്നവർ തങ്ങളുടെ പരീക്ഷകളിൽ വിജയിക്കാനും ഇവിടെ വന്ന് പ്രാർത്ഥിക്കാറുണ്ട്.

ഇവിടെ പ്രാർത്ഥിക്കുന്നത് എങ്ങനെ?

ഈ ക്ഷേത്രത്തിലെ പ്രാർത്ഥനാ രീതി വളരെ വ്യത്യസ്തമാണ്. ആദ്യം നിങ്ങൾ ഒരു പ്രാർത്ഥനാ കവർ (Prayer envelope) വാങ്ങണം. തുടർന്ന് അവിടുത്തെ പുരോഹിതൻ നിങ്ങളുടെ തലയിൽ നിന്ന് ഒരു ചെറിയ കഷ്ണം മുടി മുറിച്ച് ആ കവറിലിടും. കവർ പുരോഹിതന് തിരികെ നൽകുന്നതിന് മുൻപ് അവിടത്തെ ദൈവമായ ഫുജിവാര മസായുക്കിയോട് (Fujiwara Masayuki) നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിനായി പ്രാർത്ഥിക്കണം.

ആരാണ് ഈ ഫുജിവാര മസായുക്കി?

ജപ്പാനിലെ ആദ്യത്തെ ഹെയർഡ്രെസ്സർ ആയിട്ടാണ് ഫുജിവാര ഉനെമെനോസുകെ മസായുക്കി അറിയപ്പെടുന്നത്. കാമാകുര കാലഘട്ടത്തിൽ തന്റെ കുടുംബത്തെ സഹായിക്കാനായി അദ്ദേഹം തുടങ്ങിയ ഈ ജോലി പിന്നീട് ഒരു പ്രൊഫഷനായി മാറി. അദ്ദേഹത്തോടുള്ള ആദരസൂചകമായി നൂറ്റാണ്ടുകളോളം ജപ്പാനിലെ ബാർബർ ഷോപ്പുകളും സലൂണുകളും എല്ലാ മാസവും 17-ാം തീയതി അവധി നൽകാറുണ്ടായിരുന്നു. മുടി സംരക്ഷിക്കാൻ പാടുപെടുന്നവർക്കും പുതിയ ഹെയർസ്‌റ്റൈലുകൾ പരീക്ഷിക്കാൻ ഇഷ്ടപ്പെടുന്നവർക്കും ജപ്പാൻ യാത്രയിൽ സന്ദർശിക്കാവുന്ന കൗതുകകരമായ ഒരിടമാണിത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi