Your cart is currently empty!
”ബിഹാർ സ്ത്രീകൾക്ക് സുരക്ഷിതമാണോ?” എതിർപ്പുകളും താക്കീതുകളും വകവെയ്ക്കാതെ ഞാൻ പോയി

ബീഹാറിലേക്ക് യാത്ര പോകുന്നു എന്നു പറഞ്ഞപ്പോൾ മുതൽ നാലുപാടും നിന്ന് എതിർപ്പുകളും താക്കീതുകളും മാത്രമാണ് കേട്ടത്! “പറ്റിക്കുന്നവരുടെ നാടാണ്…”, “വൃത്തി ഒട്ടുമില്ല കേട്ടോ…!” “പെണ്ണുങ്ങൾക്കൊന്നും ജീവിക്കാൻ പറ്റില്ലെന്നാ കേട്ടെ…”, “അവിടെ എല്ലാരുടേം കൈയിൽ തോക്കുണ്ടെന്ന അറിഞ്ഞേ…” ഇങ്ങനെ എന്തൊക്കെയോ കുറേ കഥകൾ. സത്യം പറയാലോ! ഇച്ചിരി ഭയം എനിക്കുമുണ്ടായിരുന്നു. പക്ഷെ ഈ ഭയത്തിനുമപ്പുറമായിരുന്നു ബിഹാർ കാണണം എന്ന മോഹം. ഇന്ത്യയുടെ ചരിത്രം ബിഹാർ ഉൾപ്പെടുത്താതെ പറഞ്ഞാൽ അപൂർണമാണ്. ലോകത്തിലെ തന്നെ ആദ്യത്തെ സർവകലാശാലയായ നളന്ദ, ലോകത്തിലെ ആദ്യ റിപ്പബ്ലിക് ആയ ലിച്ഛവി, ശ്രീബുദ്ധൻ നിർവാണമടഞ്ഞ ബോധ്ഗയ, ജൈനമതത്തിന്റെ ഈറ്റില്ലം എന്നിങ്ങനെ ബീഹാറിന് പ്രത്യേകതകൾ ഏറെയാണ്! ഒരു കാലത്ത് സംസ്കാരം കൊണ്ടും വിദ്യാഭ്യാസം കൊണ്ടുമൊക്കെ ഇത്രയധികം സമ്പന്നമായ ഒരു സ്ഥലം പിന്നീട് എങ്ങനെ ഈ പടുകുഴിയിലെത്തി എന്നത് എല്ലാക്കാലത്തും എന്നെ അലട്ടിയിരുന്ന ചോദ്യമാണ്. അങ്ങനെ ചുറ്റുമുള്ളവരുടെ ആശങ്കകൾക്ക് അധികം ചെവികൊടുക്കാതെ, ചരിത്രം പാടലീപുത്ര എന്ന് രേഖപ്പെടുത്തിയ പാട്നയിലേക്ക് ഒരു ടിക്കറ്റെടുത്തു. കൊച്ചിയിൽനിന്ന് ബാംഗ്ലൂർ, അവിടുന്ന് പാട്ന. ബാംഗ്ലൂർ ഫ്ളൈറ്റ് കുത്തിനിറച്ചതായിരുന്നെങ്കിൽ, പാട്ന ഫ്ളൈറ്റ് ഏറെക്കുറെ ഒഴിഞ്ഞതായിരുന്നു. കൊച്ചിയിൽ നിന്ന് എന്റെ കൂടെ കയറിയ കുറച്ച് അതിഥിതൊഴിലാളികളും പിന്നെ ബാംഗ്ലൂരിൽ നിന്ന് കയറിയ കുറച്ചുപേരും. നല്ലൊരു ഉറക്കം കഴിഞ്ഞപ്പോഴേക്കും പാട്ന എയർപോർട്ടിൽ എത്തി. ജനുവരി മാസമായതുകൊണ്ട് നേരിയൊരു തണുപ്പുണ്ട്. ഹോട്ടലിലെത്തി ചെക്ക് ഇൻ ചെയ്തതു, റിസപ്ഷനിസ്റ്റ് ഒരൊറ്റ പറച്ചിൽ!
“മാഡം! ഫോൺ സൂക്ഷിക്കണേ. ബൈക്കിൽ വന്ന് അടിച്ചോണ്ട് പോകുന്നത് സർവസാധാരണം ആണിവിടെ.”
“നിനക്ക് പരിചയമുള്ള ആരുടെയെങ്കിലും ഫോൺ പോയോ?” അയാളുടെ കൂടെ നിന്ന മറ്റൊരു ചെറുപ്പക്കാരൻ ചോദിച്ചു. അയാൾ ഉത്തരം പറഞ്ഞില്ല.
“ഇവൻ യുപിക്കാരൻ ആണ് മാഡം. അതാ ഇങ്ങനെയൊക്കെ പറയുന്നെ. ഞാൻ ജനിച്ചു വളർന്ന സ്ഥലമാണ് പാട്ന. നിങ്ങൾ ധൈര്യമായി പുറത്തിറങ്ങിക്കോളൂ.”
ബീഹാറിനോട് പൊതുവെ മറ്റു വടക്കേന്ത്യൻ സംസ്ഥാനങ്ങൾക്ക് ഇത്തരത്തിൽ ഒരു പുച്ഛം ഞാൻ പല യാത്രകളിലും ശ്രദ്ധിച്ചിട്ടുണ്ട്. അധികം സംസാരിക്കാൻ നിൽക്കാതെ ഞാൻ നേരെ മുറിയിലേക്ക് നടന്നു. നല്ല ക്ഷീണം!
ഒരു പൂച്ചയുറക്കം കഴിഞ്ഞ് കുളിച്ചു പുറത്തേക്കിറങ്ങിയപ്പോഴേക്കും സന്ധ്യ കഴിഞ്ഞിരുന്നു. ചീറിപ്പാഞ്ഞു പോകുന്ന ഇലക്ട്രിക് റിക്ഷകളും സ്കൂട്ടറുകളും. “ആപ് കേലിയെ ഏക് ഹവാ ഹവായി ബുക്ക് കരൂ?”(നിങ്ങൾക്ക് ഞാൻ ഒരു ഹവാ ഹവായി ബുക്ക് ചെയ്തു തരട്ടെ?) ഹോട്ടലിന്റെ പാറാവുകാരൻ ചേട്ടൻ ചോദിച്ചു. “ഈ ഹവാ ഹവായ് എന്താണ്?”
“ഇവിടെ ഇലക്ട്രിക് റിക്ഷകൾക്ക് അങ്ങനെ ഒരു പേരുണ്ട്.” അയാൾ കൊമ്പൻ മീശ കൈ കൊണ്ട് ചെറുതായി മിനുക്കി, ചിരിച്ചുകൊണ്ട് പറഞ്ഞു.
എനിക്കങ്ങു ബോധിച്ചു ഈ വിളിപ്പേര്! എന്തുകൊണ്ടോ ബിഹാർ എനിക്കങ്ങു ബോധിക്കും എന്ന് ഞാൻ മനസ്സുകൊണ്ട് അങ്ങുറപ്പിച്ചു. അങ്ങനെ എനിക്കായി ഒരു ‘ഹവാ ഹവായ്’ കൈകാട്ടി നിർത്തിച്ചു നമ്മുടെ സെക്യൂരിറ്റി ചേട്ടൻ. വിലപേശേണ്ടിയൊന്നും വന്നില്ല. ന്യായമായ വിലയാണ് ഓട്ടോക്കാരൻ പറഞ്ഞത്. പുറത്തുനിന്നു വരുന്നവരെ കണ്ടാൽ ഓട്ടോയുടെ വില കൂലിയായി ഈടാക്കുന്നവരാണ് വടക്കുള്ള ഓട്ടോക്കാരന്മാർ. ഇതാദ്യമായിട്ടായിരുന്നു ഇങ്ങനെ ഒരു അനുഭവം.
ഉച്ചതൊട്ടൊന്നും കഴിച്ചിട്ടില്ല. നല്ല വിശപ്പുണ്ട്. അതുകൊണ്ടു തന്നെ ലക്ഷ്യം ലിട്ടി ചോഘ വിൽക്കുന്നൊരു നൂറു വർഷം പഴക്കമുള്ള കടയാണ്. ഗോതമ്പുരുട്ടി കനലിൽ ചുട്ടെടുക്കുന്ന പലഹാരമാണ് ലിട്ടി. കനലിൽ തന്നെ ചുട്ടെടുത്ത വഴുതനങ്ങയും തക്കാളിയും മറ്റും ഉടച്ചെടുത്ത് കടുകെണ്ണ ചേർത്ത് പാകം ചെയ്യുന്ന ഒരുതരം കറിയാണ് ചോഘ. ബീഹാറികളുടെ പ്രിയപ്പെട്ട പ്രാതലും അത്താഴവും എല്ലാം ഈ ലിട്ടി ചോഘ ആണ്. ഓല മേഞ്ഞൊരു കുഞ്ഞു കട. നല്ല തിരക്കുണ്ട്. ചൂടു ലിട്ടികൾ കിട്ടാനായി കനലിന് ചുറ്റും പ്ലേറ്റുകളുമായി കുറേപേർ നിൽക്കുന്നു. അല്പം തിരക്കൊഴിയട്ടെ എന്നു കരുതി ഞാൻ മാറിയിരുന്നു. പുരുഷന്മാരാണ് അധികവും. കൂട്ടത്തിലൊരാൾ പറഞ്ഞു. “കൗണ്ടറിൽ പോയി ടോക്കൺ എടുക്കു. എങ്കിലേ ഭക്ഷണം കിട്ടൂ.”
കൗണ്ടറിൽ ഇരുന്ന കടയുടെ ഉടമസ്ഥൻ ചോദിച്ചു; “മോള് ഒറ്റയ്ക്കാണോ?’ ‘അതേ…”
“എവിടുന്നാണ്?”
“കേരളത്തിൽ നിന്ന്.”
“ഇത്രയും ദൂരം ഒറ്റയ്ക്കോ? ജോലി ഇവിടെയാണോ?” “അല്ല. ബിഹാർ കാണാൻ വന്നതാണ്.”
“ആണോ? ഇവിടെ നല്ല തിരക്കാണ്. മോള് ടോക്കൻ ഒന്നും എടുക്കണ്ട. അവിടെ പോയി സ്വസ്ഥമായി ഇരിക്ക്. ഭക്ഷണം അങ്ങോട്ട് വരും.”
ഞാൻ തലയാട്ടി നിരത്തിയിട്ട ബെഞ്ചിൽ ഒരെണ്ണത്തിലിരുന്നു. മിനിറ്റുകൾക്കകം എന്റെ മുന്നിൽ ലിട്ടിയും ചോഘയും വന്നു. പുറമെ നല്ല മൊരിഞ്ഞ അകം നല്ല ബേബി സോഫ്റ്റ് ആയ ലിട്ടി എനിക്കങ്ങു ബോധിച്ചു. എന്റെ പാത്രത്തിലെ ചോഘ തീരുന്തോറും ആ മനുഷ്യൻ തവികളിൽ ചോഘ കൊണ്ടുവന്നു നിറച്ചുകൊണ്ടിരുന്നു. വയറും മനസ്സും നിറഞ്ഞു ഞാൻ ചോദിച്ചു; “എത്രയായി ചാച്ചാ?”
”ഹേയ് ഒന്നും വേണ്ട!”
”അങ്ങനെ പറയരുത്. ഞാൻ കഴിച്ച ഭക്ഷണത്തിന്റെ പൈസയല്ലേ…”
“ഒരു പെൺകുട്ടി ഒറ്റയ്ക്ക് ഞങ്ങളുടെ നാട് കാണാൻ വന്നതല്ലേ! എനിക്കതുമതി. ആട്ടെ, ഞങ്ങളുടെ നാടിഷ്ടായോ?”
“ഇന്നു വൈകീട്ട് എത്തിയതേയുള്ളു ഞാൻ. ഈ നിമിഷം വരെയും എനിക്ക് നല്ലതുമാത്രമേ പറയാനുള്ളൂ.”
“ഒരുപാടു സന്തോഷം. ബീഹാർ സിനിമകളിൽ കാണുന്ന പോലെയൊന്നുമല്ല. നല്ല മനുഷ്യരാണ്. പിന്നെ മോശപ്പെട്ടവർ എല്ലാ സ്ഥലത്തുമില്ലേ? മോശം ഭരണം മൂലം ഒരുപാട് അനുഭവിച്ചവരാണ് ഞങ്ങൾ. പഠിപ്പും വിവരവുമുള്ളവർ പല സ്ഥലങ്ങളിലേക്ക് പോയി. അവർക്കൊക്കെ ബിഹാർ ആണ് സ്വദേശം എന്ന് പറയാൻ തന്നെ നാണക്കേടാണ്.”
”ബിഹാർ സ്ത്രീകൾക്ക് സുരക്ഷിതമാണോ?”
“ഒരു കാലമുണ്ടായിരുന്നു. പാട്നയിൽ അല്ല. ഉൾപ്രദേശങ്ങളിൽ. പെൺകുട്ടികളെ പട്ടാപ്പകൽവരെ വാനിൽ വന്ന് തട്ടിക്കൊണ്ടുപോയി നശിപ്പിച്ച് ഏതെങ്കിലും തോട്ടിലോ ചതുപ്പിലോ കൊണ്ടിടും. കൊള്ളക്കാർക്കും ക്രിമിനലുകൾക്കും അന്ന് സർക്കാരിന്റെ എല്ലാ പിന്തുണയുമുണ്ടായിരുന്നു. ഇപ്പോൾ അങ്ങനെയല്ല. ധൈര്യമായി എവിടെയും പോകാം. പക്ഷെ ഒരു ഒൻപതു മണിവരെ മതി കേട്ടോ. തണുപ്പല്ലേ. എല്ലാ കടകളും നേരത്തെ അടയ്ക്കും. എന്റെ നമ്പർ എടുത്തോളൂ. എന്താവശ്യമുണ്ടെങ്കിലും വിളിച്ചോളൂ.”
“ഒരുപാടു നന്ദി. ഞാൻ ഇറങ്ങട്ടെ?”
“തൊട്ടു താഴത്തെ കടയിൽ നിന്ന് ഒരു ചൂടു ‘ചന്ദ്രകല’ കൂടി കഴിക്കൂ. എന്നാലേ അത്താഴം പൂർത്തിയാകൂ.”
താഴേയ്ക്കിറങ്ങിയപ്പോൾ നല്ല തിളച്ച എണ്ണയിൽ ഒരു പ്രായമായ മനുഷ്യൻ ഇരുന്ന് എന്തോ വറുത്തു കോരുകയാണ്. തൊട്ടടുത്തിരുന്നയാൾ പഞ്ചസാരപ്പാനിയിൽ വറുത്ത പലഹാരത്തെ മുക്കിക്കുളിപ്പിച്ചു മാറ്റിവെച്ചു. “ഒരു ചന്ദ്രകല.” അയാൾ ഒരു കുഞ്ഞു കടലാസിൽ പലഹാരം തന്നു. നമ്മുടെ ബാലുശാഹി അഥവാ ബാദുഷയുടെ മറ്റൊരു വകഭേദം. മൃദുലം, സുന്ദരം, സ്വാദിഷ്ടം! മൂപ്പര് പറഞ്ഞത് ശെരി തന്നെ. ഇപ്പോളാണ് അത്താഴം പൂർത്തിയായത്. ശേഷം നേരെ റൂമിൽ പോയി നന്നായി ഒന്നുറങ്ങി. പിറ്റേന്ന് നേരെ വെച്ചു പിടിച്ചത് നളന്ദയിലേക്കാണ്. പല സ്ഥലങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോഴും മനസ്സിൽ ഒരു ചിത്രം വരാറുണ്ടെനിക്ക്. എന്നാൽ മനസ്സിൽ വന്ന ചിത്രവുമായി യാതൊരു ബന്ധവുമില്ലാത്ത സ്ഥലമായിരുന്നു നളന്ദ. ഉച്ചക്കഞ്ഞിയുടെ ബെല്ലടിക്കുമ്പോൾ നമ്മുടെയൊക്കെ സ്കൂളുകളിൽ കാണാറുള്ളൊരു തിരക്കില്ലേ? അതായിരുന്നു നളന്ദയുടെ ടിക്കറ്റ് കൗണ്ടറിനു മുന്നിൽ. എങ്ങനെയൊക്കെയോ ടിക്കറ്റെടുത്തു ഞാൻ അകത്തു കയറി. ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന സർവകലാശാലകളിൽ ഒന്നാണ് നളന്ദ. അഞ്ചാം നൂറ്റാണ്ടു മുതൽ പന്ത്രണ്ടാം നൂറ്റാണ്ടു വരെ നളന്ദയുടെ സുവർണകാലമായിരുന്നു. പതിനായിരത്തോളം വിദ്യാർഥികളും ആയിരത്തി അഞ്ഞൂറോളം അധ്യാപകരും ഇവിടെ താമസിച്ചിരുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിൽ ഭക്തിയാർ ഖിൽജി ഇവിടം ആക്രമിക്കുകയും ലോകത്തിലെ തന്നെ ഏറ്റവും വലിയ ഗ്രന്ഥശാലകളിൽ ഒന്നായിരുന്ന ഇവിടുത്തെ ഗ്രന്ഥശാല തീയിടുകയും ചെയ്തു. ഈ ദിവസം വരെയും ആ ഗ്രന്ഥശാലയുടെ അവശിഷ്ടങ്ങൾ കണ്ടെടുത്തിട്ടില്ല. സർവകലാശാല മുക്കാലും ഇന്നും മണ്ണിനടിയിലാണ്. വിദ്യാർഥികൾ താമസിച്ചിരുന്ന കുറച്ചു മുറികളും പ്രാർത്ഥിച്ചിരുന്ന ക്ഷേത്രങ്ങളും മതപഠനകേന്ദ്രങ്ങളും മാത്രമാണ് കണ്ടെടുത്തിരിക്കുന്നത്. ചുറ്റോട് ചുറ്റും ഇഷ്ടികകൾ കൂമ്പാരം കൂടിക്കിടക്കുന്നു. എത്രയെത്ര പണ്ഡിതരായ മനുഷ്യരുടെ കാലടിപ്പാടുകൾ പതിഞ്ഞ മണ്ണാണിത്. വിദ്യാർഥികളുടെമുറികളിൽ വായിക്കാനുള്ള വിളക്കുകൾ വെച്ചിരുന്ന ചെറിയ അറകൾ കാണാം. നടുക്കായി അടുക്കള. അടുപ്പുകളും കിണറുകളുമെല്ലാമായി നല്ല അസ്സൽ ”ഹോസ്റ്റൽ’. പലതും ഇടിഞ്ഞു പൊളിഞ്ഞ നിലയിലാണെങ്കിലും കെട്ടിടങ്ങളുടെ പ്രതാപകാലം ഭാവനയിൽ അറിയാതെ വന്നുപോകും. ചില മുറികളിൽ ഭക്തിയാർ അലി തീ വെച്ചപ്പോൾ വമിച്ച പുകയുടെ പാടുകൾ കാണാം. ചില മുറികളിൽ കയറുമ്പോൾ അന്നു പരിഭ്രമത്തോടെ നാലുപാടും ഓടിയ മനുഷ്യരുടെ അലമുറകൾ കേൾക്കുന്നപോലെ തോന്നും. വന്നുപെട്ട സ്ഥലത്തിന്റെ മഹത്വമറിയാതെ ചിലതിന്റെയൊക്കെ മുകളിൽ കയറി മനുഷ്യർ ഫോട്ടോ എടുക്കുന്നു. പല സ്ഥലങ്ങളിലും പ്ലാസ്റ്റിക്കും മറ്റു മാലിന്യങ്ങളും എറിഞ്ഞിട്ടുണ്ട്. എന്നാണ് നമ്മുടെ നാട്ടിലെ മനുഷ്യർ ഇതിന്റെയൊക്കെ വിലയറിയുന്നത്? പല ഇഷ്ടികകളിലും പേരുകൾ കോറിവെച്ചിരിക്കുന്നു. മലയാളത്തിൽ ‘ശ്രീകുമാർ’ എന്നെഴുതിയിരിക്കുന്നത് കണ്ടപ്പോൾ വല്ലാത്തൊരു നാണക്കേട് തോന്നി! “പൊതുബോധം ഇല്ലാത്തവർ!” എന്റെ അടുത്തുനിന്ന് ഫോട്ടോ എടുത്തുകൊണ്ടിരുന്ന ഒരു മദാമ്മ പിറുപിറുത്തു. അവരെ കുറ്റം പറയാൻ പറ്റില്ല. നമ്മുടെ അവകാശങ്ങളെപ്പറ്റി സംസാരിക്കുമ്പോൾ നൂറുനാവാണെങ്കിലും നമ്മളിൽ പലരുടെയും പൊതുബോധവും സാമൂഹ്യബോധവുമെല്ലാം വളരെ പുറകിലാണ്. മറ്റൊരു രാജ്യത്തിനും അവകാശപ്പെടാനില്ലാത്ത വിധം ചരിത്രവും സംസ്കാരവും ഉള്ള രാജ്യമാണ് നമ്മുടേത്. പക്ഷെ, ഇവയൊക്കെ സൂക്ഷിക്കുന്നത് സർക്കാരിന്റെയൊ മാറ്റാരുടെയൊക്കെയോ ജോലിയാണെന്ന ചിന്തയാണ് നമുക്ക്. വടക്കുള്ളവർ റോഡ് മുഴുവൻ തുപ്പുമെന്ന് പറയുന്ന മലയാളി മൂന്നാറിലെ മലനിരകളിലും വനവാസമേഖലകളിലും പ്ലാസ്റ്റിക് കുപ്പി സസന്തോഷം എറിയും. നമ്മുടെ നാട്ടിലെ എത്രയോ ബീച്ചുകളിലേക്ക് മാലിന്യം നിക്ഷേപിക്കപ്പെടുന്നു? പരസ്പരം പുച്ഛിക്കുന്നതിനും കുറ്റപ്പെടുത്തുന്നതിനുമപ്പുറം നമ്മളെല്ലാം നേരിടുന്നതും നേരിടാൻ പോകുന്നതും ഒരേ പ്രശ്നങ്ങൾ തന്നെയാണ്. ആരോ പറഞ്ഞതോർക്കുന്നു; “നമ്മളെല്ലാം ബീഹാറിനെ കാണുന്നത് പോലെയാണ് ലോകം നമ്മളെ കാണുന്നത്.”
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Journey to Bihar and uncover its ancient wonders, from Nalanda to Bodh Gaya. Challenge stereotypes and experience authentic hospitality.
Published: 22 Jan 2026, 12:05 pm IST
ABOUT THE AUTHOR
Related Topics
Read articles on app
Subscribe to our Newsletter
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Leave a Reply
You must be logged in to post a comment.