Your cart is currently empty!
ബംഗാളികൾക്ക് അവ വെറും പാട്ടുകളല്ല. പ്രണയവും വിരഹവും ദേശഭക്തിയും ആത്മീയതയും കലർന്ന, രബീന്ദ്രസംഗീതമാണ്

തുമി റോബേ നീറോബേ, ഹൃദോയെ മമോ,
നിബിഡോ നിഭൃതോ പൂർണിമ നിശീഥിനി സമോ!
(നിശബ്ദമായി, നിഗൂഢമായി ഒരു പൗർണമി ചന്ദ്രനെപ്പോലെ നീയെന്റെ ഹൃദയത്തിൽ വസിച്ചാലും)
ട്രെയിനിലെ സൈഡ് ബെർത്തിൽ പൂച്ചമയക്കത്തിലായിരുന്ന ഞാൻ, ഹൃദ്യമായ ഈ ഗാനം കേട്ടാണ് എഴുന്നേറ്റത്. തൊട്ടടുത്തുള്ള, മൂന്നുപേർക്കിരിക്കാവുന്ന സീറ്റിൽ നിന്നാണ് പാട്ട് വരുന്നത്. പാട്ടുകാരിക്ക് കാഴ്ച്ചയിൽ ഏകദേശം ഒരൻപത് വയസ്സ് തോന്നിക്കും. കഞ്ഞിമുക്കിയ ജാംദാനി കോട്ടൺ സാരി അലസമായി ഉടുത്ത, വലിയ ചുവന്ന പൊട്ടുതൊട്ട ഒരു സുന്ദരി. ഹെയർപിന്നുകൾ കൊണ്ട് മുറുക്കിക്കെട്ടിയ മുടി ഇടയ്ക്കിടെ ഇടംകൈ കൊണ്ട് ശരിയാക്കി അവർ പാടുകയാണ്. ശംഖു വളയണിഞ്ഞ വലംകൈ പാട്ടിനൊത്ത് താളം പിടിക്കുന്നുണ്ട്. ചുറ്റുമിരിക്കുന്ന കൂട്ടുകാരികൾ ആസ്വദിച്ച് പാട്ടുകേൾക്കുന്നു. രബീന്ദ്രസംഗീതമാണ്.
വർഷങ്ങൾക്കു മുൻപ്, സ്കൂളിൽ പഠിക്കുമ്പോൾ അച്ഛനിലൂടെയാണ് രബീന്ദ്ര സംഗീതത്തെക്കുറിച്ചറിയുന്നത്. മഹാകവി രബീന്ദ്രനാഥ് ടഗോർ എഴുതി, ചിട്ടപ്പെടുത്തിയ ഗാനങ്ങളെ ഒന്നായി വിളിക്കുന്ന പേരാണ് രബീന്ദ്രസംഗീതം. ബംഗാളികൾക്ക് ഇത് വെറും പാട്ടുകളല്ല. പ്രണയവും വിരഹവും ദേശഭക്തിയും ആത്മീയതയും കലർന്ന ഒരു സംഗീതശാഖയാണ്. രബീന്ദ്രസംഗീതത്തോടൊപ്പം മനസ്സിൽ കയറിയ ഒന്നാണ്, എന്നെങ്കിലും ശാന്തിനികേതനിൽ പോകണമെന്നുള്ള മോഹവും. പശ്ചാത്ത്യ വിദ്യാഭ്യാസ സമ്പ്രദായങ്ങളോട് കടുത്ത വിരോധം പുലർത്തിയ ടഗോർ പശ്ചിമബംഗാളിലെ ബോൽപുർ എന്ന കുഞ്ഞുഗ്രാമത്തിൽ ഒരു നൂതന വിദ്യാഭ്യാസ സമ്പ്രദായത്തിനു തുടക്കം കുറിച്ചു. അതാണ് ശാന്തിനികേതൻ. പ്രകൃതിയോടിണങ്ങി മണ്ണിനേയും മനുഷ്യനേയുമറിഞ്ഞ് കുഞ്ഞുങ്ങൾ പഠിക്കണമെന്ന് ടഗോർ ഉറച്ചു വിശ്വസിച്ചു. ഇതിന്റെ ഭാഗമായി ശാന്തിനികേതനിൽ അദ്ദേഹം ധാരാളം വിദ്യാലയങ്ങൾ സ്ഥാപിച്ചു. ലോകപ്രസിദ്ധമായ വിശ്വഭാരതി സർവകലാശാലയും ഇവിടെയാണ്. കൊൽക്കത്തയിൽ ഏകദേശം പത്തുദിവസം നിന്ന ശേഷമാണ് ഞാൻ ബോൽപുരിലേയ്ക്കുള്ള ട്രെയിൻ പിടിച്ചത്. ആ യാത്രയ്ക്ക് സുഖം പകരാൻ രബീന്ദ്രസംഗീതതിനപ്പുറം മറ്റെന്തു വേണം!
ട്രെയിൻ ഒടുവിൽ ബോൽപുരിൽ എത്തി. പ്രതീക്ഷിച്ച പോലെ പാട്ട് പാടിയ സ്ത്രീയും സംഘവും ബോൽപ്പൂരിൽ എന്റെയൊപ്പം ഇറങ്ങി. ഒരു കുഞ്ഞു റെയിൽവേ സ്റ്റേഷൻ. ബെഞ്ചിൽ കിടന്നുറങ്ങുന്ന ഒരു പട്ടിക്കുട്ടിയും ട്രെയിനിൽ നിന്നിറങ്ങിയ ഞങ്ങൾ കുറച്ചുപേരുമല്ലാതെ അധികമാരുമില്ല. പുറത്തേക്കിറങ്ങിയതും ഈച്ച പൊതിയുന്നപോലെ ഓട്ടോക്കാർ വന്നു. ‘ശാന്തിനികേതൻ ഡേ ടൂർ- 1000 രൂപ’ എന്നെഴുതിയ ബോർഡ് മിക്കവരുടെയും കൈയിലുണ്ട്. എങ്ങനെയൊക്കെയോ അവിടുന്ന് തടിതപ്പി ഞാൻ വാടകയ്ക്ക് ഒരു സ്കൂട്ടർ സംഘടിപ്പിച്ചു. ഹോട്ടലിൽ പോയി ബാഗൊക്കെ വെച്ച ശേഷം നേരെ പുറപ്പെട്ടത് ‘രബീന്ദ്ര ഭവനി’ലേക്കാണ്. ടഗോറിന്റെ കൈപ്പടയിലെഴുതിയ കത്തുകളും അദ്ദേഹം ഉപയോഗിച്ചിരുന്ന കണ്ണടയും പേനകളും പാത്രങ്ങളുമെല്ലാം അവിടെ കാണാം. ബ്രിട്ടീഷ് ഭരണകാലത്ത് ഏറ്റവും സമ്പന്നമായ കുടുംബങ്ങളിലൊന്നായിരുന്നു ടാഗോറിന്റേത്. സമീന്താർമാരായിരുന്ന ടഗോർ കുടുംബത്തിന്റെ 1130 ഏക്കർ ഭൂമിയിലാണ് ശാന്തിനീകേതൻ ഇന്ന് നിലകൊള്ളുന്നത്.
ഏകദേശം രണ്ട് മണിക്കൂർകൊണ്ട് മ്യൂസിയം മുഴുവൻ കണ്ടപ്പോഴേക്കും വയറു വിശന്ന് കരഞ്ഞുതുടങ്ങി. ഒട്ടും താമസിച്ചില്ല. മഹാലയ ഹോട്ടലിലേക്ക് പുറപ്പെട്ടു. ബോൽപുർ യാത്രയെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയപ്പോൾതന്നെ മഹാലയ ഹോട്ടലും മനസ്സിൽ കയറിപ്പറ്റിയതാണ്. 1950-ൽ തുടങ്ങിയ ബോൽപുരിലെ ആദ്യത്തെ പൈസ് ഹോട്ടലാണ് മഹാലയ. പൈസ് ഹോട്ടലുകൾ ബംഗാളിന്റെ ചരിത്രത്തിന്റെ ഭാഗമാണ്. മുൻപ്, തൊഴിലാളികൾക്കും താങ്ങാവുന്ന തുച്ഛമായ വിലയിൽ ഭക്ഷണം നൽകുന്ന സ്ഥലങ്ങളായിരുന്നു പൈസ് ഹോട്ടലുകൾ. ചെറിയൊരു തുകയ്ക്ക് ഇവിടെ ചോറും ദാലും മാത്രം വിളമ്പും. ബാക്കി വിഭവങ്ങളെല്ലാം പണം കൊടുത്തുവാങ്ങണം. ആദ്യകാലങ്ങളിൽ അണപ്പൈസക്ക് ഭക്ഷണം കൊടുത്തിരുന്നതുകൊണ്ടാണ് ഈ ഹോട്ടലുകളെ പൈസ് ഹോട്ടലുകൾ എന്നു വിളിക്കുന്നത്. ചൗരസ്ത എന്ന ബോൽപുരിന്റെ തിരക്കേറിയ ഭാഗത്താണ് ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. ഹോട്ടലിൽ ഒരു ഉത്സവത്തിനുള്ള ആളുണ്ടായിരുന്നു! കൗണ്ടറിൽ പണമടച്ച് രസീത് വാങ്ങി ഞാൻ അകത്തേക്ക് കയറി. ബെഞ്ചുകളിലൊന്നിൽ സ്ഥാനം പിടിച്ചപ്പോഴേക്കും ചോറും ദാലും ‘ഗന്ധരാജൻ’ നാരങ്ങയുടെ ഒരു ചെറിയ കഷ്ണവും മുന്നിലെത്തി. ബംഗാളികളുടെ ഊണിൽ ഒരു അവിഭാജ്യഘടകമാണ് ഗന്ധരാജൻ. നീളത്തിൽ നീരുകുറഞ്ഞ ഈ നാരങ്ങയ്ക്ക്, പേരുപോലെ അപാരസുഗന്ധമാണ്! ഉരുളക്കിഴങ്ങ് നേർപ്പിച്ചരിഞ്ഞ് കടുകെണ്ണയിൽ വറുത്തെടുത്ത ആലൂ ഭാജയും ചാറു കൂട്ടി ഉരുളക്കിഴങ്ങ് ചേർത്ത ഒരു ചിക്കൻ കറിയുമാണ് ഞാൻ പറഞ്ഞിരുന്നത്. ഗന്ധരാജൻ അല്പം ചോറിനു മുകളിൽ പിഴിഞ്ഞ് കറികളെല്ലാം ചേർത്ത് കുഴച്ചൊരു പിടിപിടിച്ചു! അപ്പോഴേക്കും ഒരു കുഞ്ഞു പാത്രത്തിൽ ‘മിഷ്ടി ചട്ണി’ എത്തി. ഊണിനു ശേഷം, രസഗുള, മിഷ്ടിദഹി പോലുള്ള മധുരങ്ങൾക്ക് മുൻപായി ഒരു ‘പാലറ്റ് ക്ലെൻസർ’ പോലെ ബംഗാളികൾ കഴിക്കുന്നതാണ് മിഷ്ടി ചട്ണി. സദ്യയിൽ ഇഞ്ചിപ്പുളിയുടെ ദൗത്യമാണ് ഈത്തപ്പഴവും ശർക്കരയും ചേർത്ത് പാകംചെയ്ത മിഷ്ടി ചട്ണിക്ക്. മിഷ്ടി ചട്ണിക്കൊപ്പം പപ്പടം കൂട്ടിയടിച്ച് പുറത്തേക്കിറങ്ങിയപ്പോൾ ജീപ്പിൽ ആരോ കുറേ നോട്ടീസുകൾ റോഡിന്റെ ഇരുവശങ്ങളിലേക്കായി പറത്തിവിട്ടു! ഒരെണ്ണം എടുത്ത് വായിച്ചു. ‘ജാദുഗർ എസ് കുമാറിന്റെ മാന്ത്രികപ്രകടനം വൈകുന്നേരങ്ങളിൽ 4.30നും 6.30നും. സ്കൂൾ ഗ്രൗണ്ടിൽ!’ കാണണം എന്നു മനസ്സിൽ ഉറപ്പിച്ചു കൊണ്ട് ഞാൻ സോനാജ്ഹുരി ഹാട്ടിലേക്ക് പുറപ്പെട്ടു.
ശനിയാഴ്ചകളിൽ മാത്രം ഉച്ചതിരിഞ്ഞ് നടക്കുന്ന ചന്തയാണ് സോനാജ്ഹുരി ഹാട്ട്. ഈ ദിവസം ബോൽപുരിന് ചുറ്റുമുള്ള ഗ്രാമങ്ങളിൽ നിന്നുള്ള കച്ചവടക്കാരെല്ലാം തങ്ങളുടെ കരകൗശലവസ്തുക്കളുമായി ഇവിടെയെത്തും. നിലത്തൊരു തുണി വിരിച്ച് ലെതർ ബാഗുകൾ, കോട്ടൺ സാരികൾ, പാത്രങ്ങൾ, ലാംപ് ഷേഡുകൾ, വളകൾ, മാലകൾ തുടങ്ങി പലതുമായി കച്ചവടക്കാർ ഇരിക്കുന്നുണ്ട്. മരങ്ങളുടെ തണലിൽ ഐസ് മിട്ടായിയുടെയും സർബത്തിന്റെയുമൊക്കെ കച്ചവടം തകൃതിയായി നടക്കുന്നു. സാധനങ്ങൾ വിലപേശി വാങ്ങാനുള്ള കഴിവ് തീരെയില്ലാത്ത വ്യക്തിയാണ് ഞാൻ. എങ്കിലും ബംഗാളിലേക്ക് പോകുന്നു എന്ന് അറിഞ്ഞപ്പോൾ സാരികൾ വാങ്ങാനുള്ള അപേക്ഷ അമ്മ സമർപ്പിച്ചു കഴിഞ്ഞിരുന്നു. അമ്മയെ നിരാശപ്പെടുത്താൻ സാധിക്കില്ല. സാരി വിൽക്കുന്ന കച്ചവടക്കാരുടെ മുന്നിലൂടെ ഞാൻ മൂന്നാല് വട്ടം നടന്നു. എല്ലായിടത്തും ഒരേ സാരികൾ. പെട്ടെന്നാണ് തിരക്കിൽ നിന്നെല്ലാം മാറി ഒരു സ്ത്രീ സാരികളുമായി ഇരിക്കുന്നത് കണ്ണിൽ പെട്ടത്. എന്നെ കണ്ടതും അവർ വെള്ളയിൽ ചുമന്ന കരയുള്ള ഒരു കോട്ടൺ സാരി നിവർത്തിയിട്ടു! മുന്താണിയിലും സാരിയിൽ അങ്ങിങ്ങുമായും ചുമന്ന നൂലുകൊണ്ട് ചെറുമത്സ്യങ്ങൾ തുന്നിച്ചേർത്തിട്ടുണ്ട്. പ്രഥമദൃഷ്ടിയിൽ തന്നെ ഞാൻ അങ്ങ് വീണു.
“യേ കിത്നെ കാ ഹെ?”
“തീൻ സൌ റുപ്പയാ”
വെറും 300 രൂപയോ! കേട്ടതിന്റെ കുഴപ്പമാണോ എന്ന ശങ്കയിൽ ഞാൻ ഒരു നിമിഷം നിന്നു.
“ഓർ നഹി കം കർ സക്തി” (ഇതിലും വിലകുറയ്ക്കാൻ സാധിക്കില്ല) അവർ പറഞ്ഞു.
ഞാൻ മറ്റൊന്നും നോക്കിയില്ല. കരിമ്പിൻ കാട്ടിൽ ആന കയറിയ പോലെ വാങ്ങിക്കൂട്ടി. ബംഗാളിന്റെ തനത് തുന്നൽപണിയായ ‘കാന്ത സ്റ്റിച്ച്’ സാരികൾക്ക് 800 രൂപ. ബാതിക് കോട്ടൺ സാരികൾക്ക് 500! ഞാൻ അവിടുന്ന് ഏകദേശം ഏട്ട് സാരികളോളം എടുത്തു. എല്ലാ കച്ചവടക്കാരും ഏകദേശം ഈ നിരക്കിലാണ് വിൽക്കുന്നത്! ജയ്പ്പൂരിൽ നിന്ന് ഞാൻ 2000 രൂപ കൊടുത്തു വാങ്ങിയ ലെതർ ബാഗുകൾക്ക് ഇവിടെ വില 500 രൂപ! ആദ്യമായിട്ടാണ് ഇങ്ങനെയൊരു ചന്ത ഞാൻ കാണുന്നത്. രണ്ടു വർഷങ്ങൾക്കിപ്പുറം ഇന്നും അവിടെ നിന്ന് വാങ്ങിയ സാരികളും ബാഗുകളും യാതൊരു കേടുപാടുകളും കൂടാതെ ഇന്നും അമ്മ ഉപയോഗിച്ചു വരുന്നു. നല്ല ക്വാളിറ്റി ഉള്ള ഈ വസ്തുക്കൾ ഇത്രയും കുറഞ്ഞ നിരക്കിൽ വിൽക്കുമ്പോൾ ഇവർക്ക് എങ്ങനെ മുതലാകുന്നു എന്ന് എനിക്കിപ്പോഴും അറിയില്ല.
വാങ്ങിച്ചു കൂട്ടിയതൊക്കെയും മുറിയിൽ വെച്ചു പൂട്ടിയപ്പോഴേക്കും സമയം നാലു കഴിഞ്ഞിരുന്നു. നാലരയ്ക്കാണ് മാജിക് ഷോ. സമയമൊട്ടും പാഴാക്കാതെ സ്കൂളിലേക്ക് പുറപ്പെട്ടു. മുൻനിര സീറ്റുകൾക്ക് 150 ആണ് നിരക്ക്. ഒട്ടും കുറയ്ക്കണ്ട. മുൻസീറ്റ് തന്നെ ഞാൻ എടുത്തു. കൃത്യം നാലര ആയപ്പോൾ സ്റ്റേജിൽ പല നിറങ്ങളിലുള്ള ലൈറ്റുകൾ മിന്നിത്തെളിഞ്ഞു. എന്റെ തൊട്ടടുത്ത സീറ്റിൽ ഏഴോ എട്ടോ വയസ്സ് പ്രായം വരുന്ന ഒരു പയ്യനാണ്. അച്ഛന്റെ കൂടെ വന്ന അവൻ അത്യധികം കൗതുകത്തോടെയാണ് ഇതെല്ലാം കണ്ടുകൊണ്ടിരുന്നത്. ഒടുവിൽ ”ജാദുഗർ എസ് കുമാർ” രംഗപ്രവേശനം ചെയ്തു. നമ്മുടെ ഉത്സവപ്പറമ്പിലൊക്കെ കാണാറുള്ള നല്ല രസികനൊരു ഇന്ദ്രജാലക്കാരൻ! തലപ്പാവും പട്ടുകുപ്പയാവുമൊക്കെയിട്ട് അയാൾ പൂവിനെ പ്രാവാക്കി, മാന്ത്രികത്തൊപ്പിയിൽ നിന്ന് മുയൽകുഞ്ഞുങ്ങളെ പുറത്തെടുത്തു, സുന്ദരിയെ രണ്ടായി പകുത്തു. അങ്ങനെ ബാല്യത്തിലെന്നോ കണ്ടുമറന്ന ഒരത്ഭുതലോകത്തേയ്ക്ക് ”ടെലിപ്പോർട്ട്” ചെയ്ത് അയാൾ എന്നെ എത്തിച്ചു. പ്രകടനമെല്ലാം കണ്ടുകഴിഞ്ഞു പുറത്തേക്കിറങ്ങിയപ്പോഴേക്കും നേരമിരുട്ടി തുടങ്ങിയിരുന്നു. വിശ്വഭാരതിയിലെ വിദ്യാർഥികൾ അങ്ങിങ്ങായി തമ്പടിച്ചു വർത്തമാനം പറയുന്നത് കാണാം. അവിടെയുള്ളൊരു ബെഞ്ചിൽ ഞാൻ മലർന്നു കിടന്നു. മരങ്ങളുടെ ചിലകൾക്കിടയിലൂടെ അർധചന്ദ്രനെ തെളിഞ്ഞു കാണാം. അച്ഛനോട് കുട്ടിക്കാലത്ത് വെറുതെ ‘എന്നെ ഇഷ്ടമാണോ, എത്രമാത്രം ഇഷ്ടമുണ്ട്’ എന്നൊക്കെ ഇടയ്ക്കിടയ്ക്ക് ചോദിക്കുന്നൊരു ശീലം എനിക്കുണ്ടായിരുന്നു. അല്പം വളർന്നപ്പോൾ മറുപടിയായി പലപ്പോഴും ടഗോറിന്റെ ‘Cresent Moon’ എന്ന കവിതയിലെ അമ്മ കുഞ്ഞിനോട് പറയുന്ന വരികൾ അച്ഛൻ ചൊല്ലിത്തരും:
നീ എന്റെ ഹൃദയത്തിനുള്ളിൽ ഒരാഗ്രഹമായി എന്നുമുണ്ടായിരുന്നു.
ബാല്യത്തിൽ ഞാൻ കളിക്കുമ്പോഴും
പാവക്കുട്ടികളെ ഒരുക്കുമ്പോഴും നീയെന്റെ ഉള്ളിലുണ്ടായിരുന്നു.
എന്റെ പ്രഭാതത്തിലെ പ്രാർഥനകളിൽ, യൗവ്വനസ്വപ്നങ്ങളിൽ നീയുണ്ടായിരുന്നു.
എന്റെ അമ്മയുടെ മടിയിൽ ഞാൻ തലവെച്ചു കിടക്കുമ്പോൾ പോലും എന്റെ ഹൃദയത്തിലൊരു വിത്തായി നീയുണ്ടായിരുന്നു
ടഗോർ എന്ന മഹാകവിയോട് ആരാധന തോന്നാൻ പ്രധാന കാരണം അച്ഛനായായിരുന്നു. അച്ഛനെ വിളിക്കാൻ പലവട്ടം ഫോണിലേക്ക് എന്റെ കൈ നീണ്ടു. ശാന്തിനികേതനിൽ എത്തിയ എന്റെ സന്തോഷം അച്ഛനോളം മറ്റാര് മനസ്സിലാക്കാനാണ്! രണ്ടാമത്തെ റിങ്ങിൽ ഫോൺ എടുക്കാൻ അങ്ങേത്തലയ്ക്കൽ അച്ഛനില്ല എന്ന തോന്നൽ വല്ലാത്ത വിമ്മിഷ്ടമുണ്ടാക്കി. മാനത്തു തെളിഞ്ഞ അർധചന്ദ്രൻ ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങൾക്കുള്ള ഉത്തരം പോലെ എന്നെ നോക്കി ചിരിച്ചു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Discover Santiniketan & the magic of Rabindra Sangeet! Explore Tagore`s vision, Bolpur`s charm, crafts & delicious Bengali food. Plan your unforgettable journey!
Published: 11 Feb 2026, 05:45 pm IST
ABOUT THE AUTHOR
Related Topics
Read articles on app
Subscribe to our Newsletter
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Leave a Reply
You must be logged in to post a comment.