“കാർവാർ എന്ന സ്ഥലത്തേക്കുറിച്ച് നീ കേട്ടിട്ടുണ്ടോ?” അടുത്ത യാത്രയ്ക്ക് എവിടെ പോകണമെന്ന മണിക്കൂറുകൾ നീണ്ട ചർച്ചയ്‌ക്കൊടുവിൽ ഫോണിന്റെ അങ്ങേത്തലയ്ക്കൽ നിന്ന് കൂട്ടുകാരി സൂർമ ചോദിച്ചു. പെട്ടെന്ന് ഗൂഗിളിൽ തിരഞ്ഞു. കർണാടകയിലെ ഉത്തരകന്നഡ ജില്ലയിലെ ഒരു കുഞ്ഞു പട്ടണമാണ് കാർവാർ. കാർവാറിൽ നിന്ന് ഗോവയിലേക്ക് വെറും എഴുപതു കിലോമീറ്റർ മാത്രമേയുള്ളുവെങ്കിലും ഗോവയുടെ തിരക്കോ ബഹളങ്ങളോ ഇല്ലാത്ത സ്വഛസുന്ദരമായ ധാരാളം കടൽത്തീരങ്ങൾ കാർവാറിലുണ്ട്. എന്തുകൊണ്ടും പെർഫെക്ട്! “ഇത് ഫിക്‌സ് ചെയ്യാം.” കണ്ണുംപൂട്ടി ഞാൻ പറഞ്ഞു.

To advertise here,

ബാംഗ്ലൂരിൽ നിന്നാണ് ഞങ്ങൾ യാത്ര തുടങ്ങുന്നത്. കാർവാറിൽ ടൂ വീലർ വാടകയ്ക്ക് കിട്ടാത്തതുകൊണ്ടും ട്രെയിൻ ടിക്കറ്റ് സമയത്ത് ബുക്ക് ചെയ്യാൻ സാധിക്കാത്തതുകൊണ്ടും ഗോകർണത്തേക്ക് രാത്രി ബസ്സിൽ പുറപ്പെടാൻ തീരുമാനിച്ചു. അവിടെ ടൂവീലർ ലഭിക്കും. അതിരാവിലെ ഗോകർണത്തെത്തി. അഞ്ഞൂറ് രൂപ ദിവസവാടകയ്ക്ക് ടൂ വീലറുമെടുത്ത് ഞങ്ങൾ കാർവാർ ലക്ഷ്യമാക്കി പുറപ്പെട്ടു. ഒരു മണിക്കൂർ കൊണ്ട് കാർവാർ എത്തും. വണ്ടിയോടിക്കലും വിശേഷം പറച്ചിലും വീഡിയോ എടുക്കലുമൊക്കെ തകൃതിയായി പുരോഗമിക്കുന്നുണ്ട്. ഏകദേശം ഇരുപതു കിലോമീറ്റർ പിന്നിട്ടപ്പോഴേക്കും നാഷണൽ ഹൈവേയിൽ പോലീസ് കൈകാട്ടി. “എങ്ങോട്ടാണ്?” “കാർവാർ സർ” 
“നല്ല ദൂരമുണ്ടല്ലോ! ലൈസൻസ് കാണിക്കൂ.” ലൈസൻസ് നല്ലപോലെ പരിശോധിച്ച ശേഷം തിരികെ നൽകി മൂപ്പര് അടിമുടി ഞങ്ങളെ നോക്കിക്കൊണ്ട് ചോദിച്ചു. “കാർവാർ എന്തിനാണ് പോകുന്നത്?”
“ഞങ്ങൾ ഇതുവരെ പോയിട്ടില്ല സർ. നല്ല സ്ഥലമാണെന്ന് കേട്ടു.” “കാർവാർ വഴി ഗോവയ്ക്ക് പൊയ്ക്കളയരുത്. കർണാടക രജിസ്‌ട്രേഷൻ വണ്ടിയാണ്. വാടകയ്ക്ക് എടുത്ത വണ്ടികൾ ബോർഡറിൽ പിടിച്ചാൽ അവർ നല്ല പിഴ ഈടാക്കും.” “ഇല്ല സർ. ഞങ്ങൾ കാർവാർ വരെ മാത്രമേ പോകുന്നുള്ളൂ.” “നിങ്ങൾ രണ്ടു പെൺകുട്ടികൾ മാത്രമേ ഉള്ളോ? അതോ പിന്നാലെ വേറെ ആരേലുമുണ്ടോ?”
“ഇല്ല.” അല്പം അമർഷത്തോടെ ഞാൻ മറുപടി പറഞ്ഞു.
“ആ ശെരി പൊക്കോ! സൂക്ഷിച്ചൊക്കെ ഓടിക്കണം.” ‘എന്തൊക്കെ അറിയണം മൂപ്പിലാന്!’ വണ്ടിയുടെ പിന്നിലിരുന്ന് സൂർമ മുറുമുറുത്തു. കുറച്ചു മുന്നിലായി കണ്ട പെട്ടിക്കടയിൽനിന്ന് നാരങ്ങ സോഡയും കുടിച്ച് ഞങ്ങൾ യാത്ര തുടർന്നു. 

ഉച്ചയ്ക്ക് ഒരു മണിയോടെ ഞങ്ങൾ കാർവാറിലെത്തി. ശാന്തമായ ഒരു കുഞ്ഞുപട്ടണം. വയറു നല്ലപോലെ കത്തുന്നുണ്ട്! ബാഗ് മുറിയിൽവെച്ച ശേഷം പുറപ്പെട്ടത് ഹോട്ടൽ അമൃതിലേക്കാണ്. കാർവാറിനെക്കുറിച്ച് അധികം വിവരങ്ങളൊന്നും കിട്ടാനില്ലായിരുന്നെങ്കിലും അവിടുത്തെ അമൃത് ഹോട്ടലിനെക്കുറിച്ച് നൂറുനാവാണ് ഇന്റർനെറ്റിന്! കൊങ്കണിരീതിയിൽ മത്സ്യവിഭവങ്ങൾ പാകം ചെയ്ത അമൃതിലെ ഫിഷ് താലിയിൽ നിന്ന് ഹരിശ്രീ കുറിക്കാമെന്ന് തീരുമാനിച്ചു. കൂടെ കുടിക്കാനായി കോക്കം സർബത്തും പറഞ്ഞു. കാഴ്ച്ചയിൽ കുടംപുളിയോട് സാമ്യമുള്ള പഴമാണ് കോക്കം. ഈ കോക്കം കർണാടകയിലും ഗോവയിലുമൊക്കെ വളരെ പ്രചാരത്തിലുള്ള ചേരുവയാണ്. വേനൽക്കാലത്ത് കോക്കത്തിന്റെ സത്തും ഇന്തുപ്പും ചേർത്ത് കുടിക്കുന്നത് ഈ പ്രദേശങ്ങളിൽ പതിവാണ്. തേങ്ങാപ്പാലും കോക്കവും ചേർത്തുണ്ടാക്കുന്ന സോൽക്കടി എന്ന വിഭവം താലികളിൽ ഒഴിച്ചുകൂടാനാകാത്ത വിഭവമാണ്. കൂടാതെ മീൻകറികളിൽ വാളംപുളിയും കുടംപുളിയുമൊക്കെ ചേർക്കുന്നതുപോലെ കോക്കമാണ് ഇവിടെ ചേർക്കുക. സർബത്ത് കുടിച്ച് തീർന്നപ്പോഴേക്കും ഞങ്ങളുടെ താലി വന്നു. വെള്ളച്ചോറും തേങ്ങയരച്ച മീൻ കറിയും സോൽക്കടിയും ഒത്തനടുക്ക് ഒന്നാന്തരം നെയ്മീൻ റവ ഫ്രൈയും. എല്ലാം ഒന്നിനൊന്നു മെച്ചം! വയറുപൊട്ടാറാകുംവരെ കഴിച്ചശേഷം പണം കൊടുത്തിട്ട് നേരെ ഞങ്ങൾ കാർവാറിലെ ഐഎൻഎസ് മ്യൂസിയത്തിലേക്കാണ് പോയത്. മ്യൂസിയം എന്നു പറഞ്ഞാൽ കെട്ടിടമൊന്നുമല്ല. 2005-ൽ ഡീകമ്മിഷൻ ചെയ്ത നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് ചാപ്പൽ ആണ്. പൊതുജനത്തിന് കാണാനായി കരയിൽ അന്നു തൊട്ട് നിർത്തിയിരിക്കുകയാണ്. ക്യാപ്റ്റന്റെ കാബിനും എഞ്ചിൻ റൂമുമെല്ലാം കണ്ടു. ആകെയുണ്ടായിരുന്ന ഒരേയൊരു ബുദ്ധിമുട്ട് കടൽക്കാറ്റ് അടിച്ചു തുരുമ്പും തകരവും ധാരാളമുള്ള കപ്പലിന്റെ ഏതെങ്കിലും ഭാഗത്ത് മുട്ടി ദേഹം മുറിയുമോ എന്ന ഭയം മാത്രമായിരുന്നു.

ഏകദേശം നാലു മണിയോടെ അവിടുന്ന് മജാലി ബീച്ചിലേക്ക് പുറപ്പെട്ടു. കച്ചവടക്കാരും പാർക്കുമെല്ലാം ടഗോർ ബീച്ചിന്റെ അടുത്താണ്. അതുകൊണ്ട് മിക്കവരും അവിടെയാണ് സായാഹ്നങ്ങൾ ചിലവഴിക്കാറുള്ളത്. മജിലി അധികം വിനോദസഞ്ചാരികൾ വരാത്തൊരു ബീച്ചാണ്. ഒരു നാലരയോടെ കടപ്പുറത്തെത്തി. ക്രിക്കറ്റ് കളിക്കുന്ന കുറേ കുട്ടികളും മണപ്പുറത്തിരുന്ന് സൊറ പറയുന്ന കുറച്ചു വൃദ്ധന്മാരുമല്ലാതെ പ്രത്യേകിച്ചാരുമില്ല. ഒരല്പനേരം ഇങ്ങനെ കടൽക്കാറ്റും കൊണ്ടിരുന്നപ്പോഴാണ് വലതുവശത്ത് അല്പം മാറി ഒരു കുന്ന് കണ്ണിൽപെട്ടത്! അടുത്തിരുന്ന അപ്പൂപ്പനോട് ചോദിച്ചപ്പോൾ കുന്ന് കയറിയിറങ്ങിയാൽ അതിസുന്ദരമായ ഒരു ബീച്ച് ഉണ്ടെന്ന് പറഞ്ഞു- പേര് തില്മതി. തിലം എന്നാൽ എള്ള്. എള്ളുപോലെ കറുത്ത നിറത്തിലെ മണ്ണാണ് ആ ബീച്ചിന്റെ പ്രത്യേകത. ഒന്നും ആലോചിച്ചില്ല. ഞങ്ങൾ കുന്നു കയറാൻ തീരുമാനിച്ചു. വലിയ ബുദ്ധിമുട്ടൊന്നുമുണ്ടായില്ല. ഒരു പതിനഞ്ചു മിനിറ്റിൽ കുന്നിന്റെ ഉച്ചിയിൽ എത്തി. മുകളിൽനിന്ന് കടൽ കാണാൻ വല്ലാത്ത ഭംഗി. കുറച്ചു നേരം അവിടുത്തെ പാറയിൽ ഇരുന്ന ശേഷം കുന്നിന്റെ അപ്പുറത്തെത്തി. ശെരിക്കും കഥകളിലൊക്കെ വായിച്ചു കേട്ടപോലൊരു മായാലോകം! കറുകറുത്ത മണ്ണ്! അതും എള്ളിന്റെ നിറം മാത്രമല്ല! ഏകദേശം എള്ളിന്റെ രൂപവുമാണ് മണൽതരികൾക്ക്! അങ്ങിങ്ങായി കുറച്ചുപാറകൾ! മാറ്റാരുമില്ല! ഞങ്ങൾക്കായി ഒഴിഞ്ഞു കിടക്കുന്നൊരു കടൽത്തീരം. രണ്ടു പരന്ന പാറകളിലായി ഞങ്ങൾ ഇരിപ്പുറപ്പിച്ചു. സൂര്യൻ അസ്തമിക്കാറായി. സിന്ദൂരനിറത്തിലെ ആകാശവും കറുത്ത മണ്ണും നീലക്കടലും! ശെരിക്കും ഒരു പെയിന്റിംഗ് പോലെയൊരു സായാഹ്നം! പരസ്പരമൊന്നും സംസാരിക്കാതെ ഞങ്ങൾ രണ്ടു സ്വപ്നജീവികൾ ആ അസ്തമായസൂര്യനെ നോക്കി കുറേ നേരമിരുന്നു.

placeholder
കാർവാറിലെ തില്മതി ബീച്ചിലെ കറുത്തമണൽത്തരികൾ| ഫോട്ടോ: എൻ. ഗൗരി

പിറ്റേന്ന് അതിരാവിലെ പുറപ്പെട്ടത് കാർവാർ തുറമുഖത്തേക്കാണ്. പോകുന്ന വഴിയിലുടനീളം നാവികസേനാംഗങ്ങൾ വ്യായാമം ചെയ്യുന്നുണ്ട്. കാർവാർ ചെറിയ പട്ടണമാണെങ്കിലും ഇന്ത്യയുടെ ഏറ്റവും വലിയ നാവികസേനാതാവളം കാർവാറിലാണ്- ഐഎൻഎസ് കദമ്പ. അതിന് വളരെയടുത്താണ് കാർവാർ തുറമുഖം. തുറമുഖം രാവിലെതന്നെ സജീവമാണ്. മത്സ്യബന്ധനവും കച്ചവടവും വിലപേശലുമൊക്കെയായി ആകെ ബഹളം. ഒരുവശത്തായി സ്ത്രീകൾ മീനുകൾ ഉണക്കാനിടുന്നുണ്ട്. അപ്പോഴേക്കും പുതിയൊരു ബോട്ട് കരയ്‌ക്കെത്തി. കുട്ടകളുമായി കുറേ പെണ്ണുങ്ങൾ അങ്ങോട്ടേക്ക് പോയി. കൂട്ടത്തിൽ ഒരാളോട് ഞാൻ ചോദിച്ചു, ”ഞാൻ ബോട്ടിൽ കയറി ഒരു വീഡിയോ എടുത്തോട്ടെ?” ‌
“അതിനെന്താ, കേറിക്കോ.” അദ്ദേഹത്തിന്റെ പേര് സുധാകർ. ജനിച്ചതും വളർന്നതുമെല്ലാം കാർവാറിലാണ്. മൂപ്പരുടെ കൈ പിടിച്ച് ഞങ്ങൾ ബോട്ടിൽ കയറി. ബോട്ടിൽ കൂടുതലും കണവയാണ്. കൂട്ടത്തിലൊരു മുഴുത്ത കണവ കാണിച്ച് സുധാകർ അണ്ണ ചോദിച്ചു; “നിങ്ങൾക്ക് വേണോ?” “വേണ്ട. പാകം ചെയ്യാനുള്ള സൗകര്യമില്ല.” “ഹ! അതൊന്നും സാരമില്ല. നമുക്ക് വഴിയുണ്ടാക്കാം!” 

ബോട്ടിൽ നിന്നിറങ്ങി അദ്ദേഹം ഒരു ഓല മേഞ്ഞ ഷെഡ്ഡിൽ കയറി. അവിടെ ഒരു മണ്ണെണ്ണയടുപ്പും കുറച്ചു പാത്രങ്ങളും മസാലകളുമൊക്കെ ഉണ്ടായിരുന്നു. നിമിഷനേരം കൊണ്ട് കൂന്തൾ മുറിച്ച് വൃത്തിയാക്കി കൂന്തൾ മസാലയുണ്ടാക്കി. “കൂന്തൾ ഇതിൽക്കൂടുതൽ വെന്താൽ റബ്ബർ പോലെയിരിക്കും. നിങ്ങൾ ഒന്നു കഴിച്ചു നോക്ക്.” 
അത്രയും സ്വാദോടെ അതിന് മുൻപോ പിൻപോ ഞാൻ കൂന്തൾ കഴിച്ചിട്ടില്ല! മസാലകളൊന്നും അധികം ചേർത്തിട്ടില്ല. കൂന്തളിന്റെ തനത് സ്വാദ് നാവറിഞ്ഞ നിമിഷമായിരുന്നു അത്! എന്നെങ്കിലും വീണ്ടും കാണാമെന്നു പറഞ്ഞു മൂപ്പർക്ക് കൈയും കൊടുത്ത് ഞങ്ങൾ അവിടുന്നിറങ്ങി.

തിരിച്ച് ടൗണിൽ എത്തിയപ്പോഴേക്കും വെള്ളിയാഴ്ചച്ചന്ത തുടങ്ങിയിരുന്നു. പലതരം പച്ചക്കറികൾ, കൽചട്ടികൾ… ഉപ്പു മുതൽ കർപ്പൂരം വരെയുണ്ട് അവിടെ. പക്ഷെ എന്റെ കണ്ണുടക്കിയത് ഒരൊറ്റ വസ്തുവിലാണ് – കുപ്പിവള! കുറച്ചു കുപ്പിവളകളും വാങ്ങി നേരെ പുറപ്പെട്ടത് കാളീനദീതീരം ലക്ഷ്യമാക്കിയാണ്. ഏകദേശം 184 കിലോമീറ്റർ നീളമുള്ള കാളീനദി ഉത്തരകന്നഡയുടെ ലൈഫ് ലൈൻ ആണെന്ന് പറയാം. ഈ ഭാഗങ്ങളിലെ കൃഷി സുഗമമായി നടന്നുപോകുന്നതിൽ കാളീനദിയുടെ പങ്ക് നിസ്സാരമല്ല. നദിയുടെ ഒരുഭാഗത്ത് വിനോദസഞ്ചാരികൾക്കായി ബോട്ടിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്. നട്ടപ്ര വെയിലായതുകൊണ്ട് ഞങ്ങൾ ബോട്ടിങ്ങിന് പോയില്ല. പകരം തണൽ മരത്തിനു താഴെ സ്ഥാപിച്ച ബെഞ്ചിൽ നദിയും നോക്കിയിരുന്നു. നേരിയ കാറ്റുണ്ട്. കോളേജിൽ പഠിച്ച കാലത്തെ ഞങ്ങളുടെ വീരസ്യങ്ങൾ, ജോലി സ്ഥലത്തെ ബുദ്ധിമുട്ടുകൾ, ജീവിതം, രാഷ്ട്രീയം, സിനിമ, സാഹിത്യം തുടങ്ങി സൂര്യന് കീഴിലുള്ള സകലതിനെപ്പറ്റിയും ഞങ്ങൾ സംസാരിച്ചു. കോളേജ് ഹോസ്റ്റലിലെ ഇടനാഴികളിൽ പന്ത്രണ്ടു വർഷം മുൻപ് ഞാൻ പരിചയപ്പെട്ടതാണ് ഈ കൊൽക്കത്തക്കാരിയെ. ചരിത്രമുറങ്ങുന്ന മഹാനഗരങ്ങൾ ഇഷ്ടപ്പെടുന്ന എന്നിൽ നിന്ന് വിപരീതമായി ചെറിയ പട്ടണങ്ങളിലൂടെയും ഗ്രാമങ്ങളിലൂടെയുമുള്ള ‘slow travel’ ആണ് അവൾക്കിഷ്ടം. അവളുമൊത്തുള്ള യാത്രകൾ പൊതുവെ മന്ദഗതിയാണ്. മണിക്കൂറുകൾ ഞങ്ങൾ ആ ഇരിപ്പ് തുടർന്നു. ഒരു പക്ഷെ അവൾ ഈ സ്ഥലത്തേക്കുറിച്ച് പറഞ്ഞില്ലായിരുന്നെങ്കിൽ ഒരിക്കലും ഞാൻ ഇവിടെ വരില്ലായിരുന്നു… സുന്ദരമായ കടൽത്തീരങ്ങളും നദീതടങ്ങളും കാണില്ലായിരുന്നു. മനസ്സുകൊണ്ട് ഞാൻ അവൾക്ക് നന്ദി പറഞ്ഞു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi